ബീജിംഗ്: തുടർച്ചയായ മൂന്നാം വട്ടം ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഷി ജിൻ പിംഗ്. ആജീവനാന്തം അധികാരത്തിൽ തുടരുക എന്ന തീരുമാനത്തിന്റെ തുടർച്ചയായാണ് അടുത്ത അഞ്ച് വർഷത്തെ ടേം വീണ്ടും ഷിക്ക് ലഭിക്കുന്നത്. നാഷണൽ പീപ്പിൾസ് കോൺഗ്രസിലെ മൂവായിരത്തോളം അംഗങ്ങൾ ഷി ജിൻ പിംഗിനെ പ്രസിഡന്റാക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്യുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ ഷി ജിൻ പിംഗിന് എതിർ സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. പ്രസിഡന്റ് ആയതിന് പിന്നാലെ ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ ചെയർമാനായും ഷി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ പാർലമെന്റ് ചെയർ ആയി ഷാവോ ലെജി, പുതിയ വൈസ് പ്രസിഡന്റായി ഹാൻ ഷെങ് എന്നിവരേയും തിരഞ്ഞെടുത്തിട്ടുണ്ട്. പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഇരുവരും നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മൂന്നാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മാവോ സേതുങ്ങിന് ശേഷം ആദ്യമായിട്ടാണ് ഒരു വ്യക്തി തുടർച്ചയായി മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയാവുന്നത്. സൈന്യത്തിന്റെ പൂർണ ചുമതല വഹിക്കുന്ന സെൻട്രൽ മിലിറ്ററി കമ്മീഷൻ ചെയർമാൻ പദവിയും ഷിയ്ക്കാണ്. രാജ്യത്തിന്റെ പരമ പ്രധാനമായ എല്ലാ ചുമതലകളുടേയും നേതാവ് ഷി ആയിരിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനുള്ള പരിധി 2018ൽ ഷി ജിൻ പിംഗ് എടുത്ത് കളഞ്ഞിരുന്നു. അന്നുണ്ടാക്കിയ നിയമപ്രകാരം സ്വയം വിരമിക്കുകയോ മരിക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്യുന്നത് വരെ ഷി ജിൻ പിംഗിന് ചൈന ഭരിക്കാൻ സാധിക്കും.
Discussion about this post