എറണാകുളം: മുതിർന്ന മാദ്ധ്യമ പ്രവർത്തക സുജയ പാർവ്വതിയെ സസ്പെൻഡ് ചെയ്തതിൽ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്. ചാനലിന്റെ കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസിലേക്ക് ബിഎംഎസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തും. അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് ചാനലിന്റെ വിവിധ ഭാഗങ്ങളിലുള്ള ബ്യൂറോകളിലേക്ക് ബിഎംഎസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
തിങ്കളാഴ്ച രാവിലെ 10 മണിയ്ക്കാണ് പ്രതിഷേധ മാർച്ച്. ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ മാർച്ച് ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ മാദ്ധ്യമ സ്ഥാപനത്തിൽ നിന്നും നടപടി നേരിട്ട സുജയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ബിഎംഎസ് അറിയിച്ചു.
അതേസമയം 24 ന്യൂസ് ചാനലിനെതിരെ വലിയ പ്രതിഷേധ പ്രകടനമാണ് ബിഎംഎസ് നടത്തുന്നത്. തിരുവനന്തപുരത്തെ ചാനലിന്റെ ഓഫീസിലേക്ക് ബിഎംഎസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. ഗാന്ധിപാർക്കിൽ നിന്നായിരുന്നു ബിഎംഎസ് പ്രവർത്തകർ പന്തംകൊളുത്തി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കാസർകോട് ബ്യൂറോയിലേക്കും ബിഎംഎസ് പ്രവർത്തകർ മാർച്ച് നടത്തി. ചാനൽ മേധാവി ശ്രീകണ്ഠൻ നായരുടെ കോലം ഉൾപ്പെടെ ബിഎംഎസ് പ്രവർത്തകർ കത്തിച്ചിരുന്നു.
Discussion about this post