രാജ്യത്ത് സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍. പട്ടികയില്‍ ഒന്നാംസ്ഥാനത്തും ഒരു ദക്ഷിണേന്ത്യന്‍ നഗരമാണ്- നമ്മുടെ തൊട്ടടുത്തുള്ള ചെന്നൈ. കോയമ്പത്തൂരും മധുരയും ഉള്‍പ്പടെ തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ പട്ടികയില്‍ ഇടം നേടിയപ്പോള്‍ കേരളത്തിലെ ഒരു നഗരം പോലും ഈ പട്ടികയിലില്ല. ഇരുപത് നഗരങ്ങളുടെ പട്ടികയില്‍ രാജ്യതലസ്ഥാനമായ ന്യൂഡെല്‍ഹി പതിനാലാം സ്ഥാനത്താണ്. ‘Viewport 2022 – Top Cities for Women in India.’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
സ്ത്രീകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാഹചര്യമുള്ള ഒരന്തരീക്ഷം രാജ്യത്തിന്റെ ഏവരെയും ഉള്‍ക്കൊള്ളിച്ചുള്ള വളര്‍ച്ചയില്‍ വളരെ നിര്‍ണ്ണായക ഘടകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലിടങ്ങളിലെ തുല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അവ്താര്‍ പുറത്തുവിട്ട സ്ത്രീ സൗഹൃദ നഗരങ്ങളുടെ പട്ടികയും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും സാമ്പത്തിക വൈവിധ്യവല്‍ക്കരണവും വരുമാന സമത്വവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ മറ്റ് പല മേഖലകളിലും പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെട്രോ നഗരങ്ങളേക്കാള്‍ സ്ത്രീകള്‍ക്കിഷ്ടം ചെറിയ നഗരങ്ങള്‍
മെട്രോ നഗരങ്ങളെ അപേക്ഷിച്ച് സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഒരു ലക്ഷത്തില്‍ കുറവ് ആളുകള്‍ താമസിക്കുന്ന ചെറു നഗരങ്ങളാണെന്നാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ 20 സുരക്ഷിത നഗരങ്ങള്‍
- ചെന്നൈ
- പൂനൈ
- ബെംഗളൂരു
- ഹൈദരാബാദ്
- മുംബൈ
- അഹമ്മദാബാദ്
- വിശാഖപട്ടണം
- കൊൽക്കത്ത
- കോയമ്പത്തൂര്‍
- മധുര
- ഹൂബ്ലി ദാര്‍ബാഡ്
- സോലാപൂര്‍
- കല്യാണ്‍ ദോംബിവാലി
- ഡെല്‍ഹി
- താനെ
- നാഗ്പൂര്‍
- വഡോദര
- പിംപ്രി ചിഞ്ച്‌വാഡ്
- വിജയവാഡ
- രാജ്‌കോട്ട്
രാജ്യത്തെ 111 നഗരങ്ങളില്‍ നിന്നുള്ള 738 സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സാമൂഹികമായും തൊഴില്‍പരമായും സ്ത്രീകള്‍ക്ക് കൂടി ഇടം നല്‍കുന്ന നഗരങ്ങള്‍ക്കാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ മുന്‍ഗണന നല്‍കിയത്. സുഗമമായ താമസം, സുരക്ഷ, നഗര സൗകര്യങ്ങള്‍ എന്നിവയാണ് സ്ത്രീകള്‍ പ്രധാനമായും ഒരു നഗരത്തിന്റെ മെച്ചപ്പെട്ട സാമൂഹിക അന്തരീക്ഷത്തെ പരുവപ്പെടുത്തുന്ന ഘടകങ്ങളായി പരിഗണിച്ചത്.













Discussion about this post