ബീജിംഗ്; ഒരു വയസുള്ള പെൺകുഞ്ഞിന്റെ തലച്ചോറിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൈനയിലാണ് സംഭവം. പെൺകുഞ്ഞിന്റെ തല അകാരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ ഷാങ്ഹായിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു.
വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ ഒരു ജീവനുള്ള ഭ്രൂണം ഉള്ളതായി കണ്ടെത്തി. നാല് ഇഞ്ചോളം വലിപ്പമുള്ള ഭ്രൂണത്തിന് കൈകാലുകളും എല്ലുകളും നഖങ്ങളും വരെ വികസിച്ചിരുന്നു. ഫീറ്റസ് ഇൻ ഫീറ്റു എന്ന അവസ്ഥയിൽ സാധാരണയായി ഒരു കുഞ്ഞിന്റെ ശരീരഭാഗത്തോട് ചേർന്ന് മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥ ഉണ്ടാവാറുണ്ട്.
ചില കുഞ്ഞുങ്ങളിൽ വയറിന്റെ ഭാഗത്ത് നിന്ന് രണ്ട് കാലുകളോ, ചില കുഞ്ഞുങ്ങളുടെ വയറിനകത്ത് ഭ്രൂണമോ ഉണ്ടാവാറുണ്ട്. ബീജസങ്കലനത്തിനു ശേഷം രൂപം കൊള്ളുന്ന കോശങ്ങളുടെ ഒരു കൂട്ടം ശരിയായി വേർപെടുത്തുന്നതിൽ പരാജയപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന ഭ്രൂണത്തെ പരാസ്റ്റിക് ട്വിൻ എന്നാണ് വിളിക്കുന്നത്.
ലോകത്ത് 200 ഓളം ഫീറ്റസ് ഇൻ ഫീറ്റു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങളുടെ പെൽവിസിലും വായിലും കുടലിലും വൃക്ഷണ സഞ്ചിയിലും വരെ ഭ്രൂണത്തെ കണ്ടെത്തിയിട്ടുണ്ട്. 2022 നവംബറിൽ ജാർഖണ്ഡിലെ 21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ നിന്ന് എട്ട് ഭ്രൂണങ്ങൾ നീക്കം ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.












