ന്യൂഡൽഹി : കുട്ടിയായിരുന്നപ്പോൾ താൻ പിതാവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ. വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഒരു അവാർഡ് ദാന ചടങ്ങിലാണ് മാലിവാളിന്റെ വെളിപ്പെടുത്തൽ. അവാർഡ് ജേതാക്കളുടെ പോരാട്ടകഥകൾ തന്റെ സ്വന്തം പോരാട്ടത്തെ ഓർമ്മിപ്പിച്ചെന്നും അവർ പറഞ്ഞു.
‘ചെറുപ്പത്തിൽ അച്ഛൻ എന്നെ ഒരുപാട് മർദിക്കുമായിരുന്നു. അച്ഛൻ വീട്ടിൽ വന്നാൽ ഞാൻ കട്ടിലിനടിയിൽ ഒളിക്കും, എനിക്ക് ഭയങ്കര പേടിയായിരുന്നു. അച്ഛൻ എന്റെ തലമുടിയിൽ പിടിച്ച് ഭിത്തിയിൽ ശക്തമായി ഇടിക്കുമായിരുന്നു. അക്കാലത്ത്, ഇത്തരം അതിക്രമങ്ങൾക്കെതിരെ സ്ത്രീകളെ എങ്ങനെ ശാക്തീകരിക്കാം എന്ന് ഞാൻ രാത്രി മുഴുവൻ ചിന്തിച്ചിരുന്നു. ആ സംഭവങ്ങൾ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള നിശ്ചയദാർഢ്യം എന്നിൽ ആളിക്കത്തിച്ചു” സ്വാതി മലിവാൾ പറഞ്ഞു, നാലാം ക്ലാസ് വരെ താൻ പിതാവിനൊമാണ് താമസിച്ചത് എന്നും മാലിവാൾ പറഞ്ഞു.
‘എന്നെ അടിക്കണമെന്ന് ആഗ്രഹിക്കുമ്പോഴെല്ലാം അയാൾ എന്റെ മുടിയിൽ പിടിച്ച് മതിലിലേക്ക് എറിയുമായിരുന്നു. തലയിൽ നിന്ന് ധാരാളം രക്തം വരികയും വേദന അനുഭവപ്പെടുകയും ചെയ്യും,’ മലിവാൾ പറഞ്ഞു. ‘ഇത്തരം വേദനയിലൂടെയും കടന്നുപോകുമ്പോൾ മാത്രമേ ഒരു വ്യക്തിക്ക് മറ്റൊരാളുടെ വേദന ശരിക്കും മനസ്സിലാക്കാൻ കഴിയൂ എന്ന് ഞാൻ വിശ്വസിക്കുന്നു. ആ വ്യക്തിയിൽ അത്തരമൊരു തീ ആളിക്കത്തുമ്പോൾ മാത്രമേ അവർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെയാണ് ഈ അവാർഡ് ജേതാക്കളെല്ലാം ഇന്ന് ഇവിടെ നിൽക്കുന്നത്,’ മലിവാൾ കൂട്ടിച്ചേർത്തു.
Discussion about this post