കൊച്ചി: ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കൻ ഫയർ ഡിപ്പാർട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ് ജോർജ്ജ് ഹീലിയുമായി അധികൃതർ ചർച്ച നടത്തിയതായാണ് വിവരം. നിലവിലെ തീ അണയ്ക്കൽ രീതി ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടുവെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. തീ അണച്ച മേഖലകളിൽ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്. ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമൻ എന്നിവരുടെ നേതൃത്വത്തിലാണ് ജോർജ്ജ് ഹീലിയുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തിയത്.
നിലവിൽ മാലിന്യപ്ലാന്റിലെ തൊണ്ണൂറ് ശതമാനം തീയും അണച്ചുവെന്നും പ്രവർത്തികൾ അന്തിമഘട്ടത്തിലാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ഇന്നലെ ഹൈക്കോടതി നിയോഗിച്ച സമിതി പ്ലാന്റ് സന്ദർശിച്ചതിന് പുറമെ തീപിടുത്തത്തെ കുറിച്ച് വിലയിരുത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയും ചെയ്തു.
നഗരത്തിൽ ഇപ്പോൾ പുക ദൃശ്യമല്ലെങ്കിലും പലയിടങ്ങളിലും പ്ലാസ്റ്റിക് കരിഞ്ഞ ഗന്ധം അനുഭവപ്പെടുന്നുണ്ട്. ഇരുപത്തി മൂന്ന് അഗ്നിശമനസേനാ യൂണിറ്റും മുപ്പത്തിരണ്ട് എസ്‌കവേറ്ററുകളും മൂന്ന് ഹൈപ്രഷർ പമ്പുകളുമാണ് തീ അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നത്. അതേസമയം മാലിന്യം നിറച്ച ലോറികൾ ബ്രഹ്മപുരത്തേക്ക് ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നുണ്ട്.
Discussion about this post