ലക്‌നൗ: ഉത്തർപ്രദേശിൽ വീട് നിർമ്മാണത്തിനായി കുഴിയെടുക്കുന്നതിനിടെ നിധി കണ്ടെത്തി. ജലൗലിനെ വ്യാസ് പുര ഗ്രാമത്തിലായിരുന്നു സംഭവം. വർഷങ്ങൾ പഴക്കമുള്ള വെള്ളി ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെടുത്തത്.
വ്യാസ് പുര സ്വദേശിയായ കമലേഷ് കുശ്വാഹയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് നിധി കണ്ടെത്തിയത്. സ്വന്തമായി വീടില്ലാതിരുന്ന ഇവർക്ക് പ്രധാനമന്ത്രി ആവാസ് യോജനയിൽ വീട് ലഭിച്ചു. ഈ വീടിന്റെ അടിത്തറ നിർമ്മിക്കാനായി കുഴിയെടുത്തപ്പോഴായിരുന്നു നിധി കണ്ടത്. തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു ആഭരണങ്ങളും നാണയങ്ങളും. നിർമ്മാണ ജോലികൾ പുരോഗമിക്കുമ്പോൾ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റും ഉണ്ടായിരുന്നു. നിധി കണ്ടതോടെ അദ്ദേഹം വിവരം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ അറിയിക്കുകയായിരുന്നു.
ആഭരണങ്ങൾക്കും നാണയങ്ങൾക്കും 161 വർഷത്തെ പഴക്കമുണ്ടെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയിൽ വ്യക്തമായി. 1862 ആണ് നാണയങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വർഷം. 279 നാണയങ്ങളാണ് ഉണ്ടായിരുന്നത്.
നിധി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. കൂടുതൽ പരിശോധനകൾക്കായി സ്ഥലം ആർക്കിയോളജിക്കൽ സർവ്വേ സീൽ ചെയ്തിരിക്കുകയാണ്. പരിശോധന പൂർത്തിയായ ശേഷം വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുന:രാരംഭിക്കും.
Discussion about this post