തൃശൂർ: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തൃശൂരിൽ അമിത് ഷാ പങ്കെടുത്ത ജനശക്തി സമ്മേളനത്തിൽ സംസാരിക്കവേയാണ് സുരേഷ് ഗോപി സർക്കാരിന്റെ വീഴ്ചയെ നിശിതമായി വിമർശിച്ചത്. ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്കായി നടക്കുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു.
കൃത്യമായ സമയത്താണ് അമിത് ഷാ തൃശൂരിൽ എത്തിയതെന്ന് പറഞ്ഞുകൊണ്ടാണ് ബ്രഹ്മപുരം വിഷയം സുരേഷ് ഗോപി ഉന്നയിച്ചത്. ബ്രഹ്മപുരം ഇന്നത്തേയും ഇന്നലത്തേയും സംഭവമാണ്. നാളത്തെ സംഭവമാകാതിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ കെടുതികൾ മുഴവൻ അനുഭവിക്കുന്നത് അവിടുത്തെ ജനങ്ങളാണ്. ആ ജനതയ്ക്ക് ഒരു തലോടൽ ആവശ്യമാണെങ്കിൽ നിങ്ങൾ അതിന് പ്രാപ്തരല്ലെങ്കിൽ ഞാൻ കാലുപിടിച്ച് ആവശ്യപ്പെടുകയാണ് കേന്ദ്രസർക്കാരിനോട് ചങ്കൂറ്റത്തോടെ സഹായം ആവശ്യപ്പെടൂവെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടാമതും ഭരണം തന്ന ജനങ്ങളോടുളള നന്ദി പ്രകടിപ്പിക്കാനുളള അവസാനത്തെ അവസരമാണിതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾക്കെതിരെ നിശിതമായ വിമർശനമാണ് സുരേഷ് ഗോപി നടത്തിയത്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ മറവിൽ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് ആയിരക്കണക്കിന് പരാതികൾ തന്റെ കൈവശം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതുപോലെ കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കണമെങ്കിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അമിത് ഷാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന ബില്ല് നടപ്പിലാക്കണമെന്ന് സുരേഷ് ഗോപി അഭ്യർത്ഥിച്ചു.
കോ ഓപ്പറേറ്റീവ് ബാങ്കുകളെ ബാങ്കിംഗ് സർവ്വീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിൽ കൊണ്ടുവന്ന് നിയമനങ്ങൾ നടത്തണമെന്നും അദ്ദേഹം അമിത് ഷായോട് അഭ്യർത്ഥിച്ചു. പരീക്ഷയെഴുതി പ്രാപ്തിയുളളവർ പാസായി ആ ബാങ്കുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ഫയലുകളിലും ഓരോ ജീവിതം ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിങ്ങളുടെ സഹകരണ പ്രസ്ഥാനങ്ങളിൽ നിക്ഷേപിച്ച ഓരോ രൂപയിലും ഓരോ മനുഷ്യന്റെയും ചോരയും അവന്റെ നോവുമാണുളളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ബിഎസ്എൻഎല്ലിൽ നിന്ന് വിആർഎസ് എടുത്ത് 60 ലക്ഷവും ഒന്നര കോടിയുമൊക്കെ കോ ഓപ്പറേറ്റീവ് ബാങ്കുകളിൽ കൊണ്ടിട്ട ആളുകളെ എനിക്ക് അറിയാം. തൃശൂരിൽ തന്നെ രണ്ട് പേർ അവരുടെ ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ടിട്ട് കിട്ടാതായപ്പോൾ താൻ സഹായിച്ച കാര്യവും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. അവിടെ രാഷ്ട്രീയമായിരുന്നില്ലെന്നും കരുണായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post