ലോസ് ഏഞ്ചൽസ് : മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ എന്ന ചിത്രം ഇന്ത്യയ്ക്ക് വലിയ വിജയം നേടിത്തന്നിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായക കാർത്തികി ഗോൺസാൽവസും നിർമ്മാതാവ് ഗുണീത് മോംഗയും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ച ആദരത്തിന് പുറമേ ‘ദ എലിഫന്റ് വിസ്പറേഴ്സ് കൂടി ഓസ്‌കർ പുരസ്‌കാരം നേടിയത് രാജ്യത്തിന് ഇരട്ടിമധുരമായി.
”ഇന്ത്യൻ പ്രൊഡക്ഷന് കീഴിലുള്ള ആദ്യത്തെ ഓസ്‌കാർ ഞങ്ങൾ നേടി! രണ്ട് സ്ത്രീകളാണ് ഇത് ചെയ്തത്. ഞാൻ ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുകയാണ്” എന്നാണ് നിർമ്മാതാവ് ഗുനീത് മോംഗ ട്വിറ്ററിലൂടെ പ്രതികരിച്ചത്.
തമിഴ്നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കി നിർമ്മിച്ച ഡോക്യുമെന്ററിയാണ് ദ എലിഫന്റ് വിസ്പറേഴ്സ്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്‌പേഴ്‌സിന്റെ പ്രമേയം. തമിഴിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഇതാദ്യമായാണ് ഒരു സമ്പൂർണ ഇന്ത്യൻ ചിത്രത്തിന് ഓസ്‌കർ ലഭിക്കുന്നത്.
Discussion about this post