ഓസ്‌കറിലെ പ്രശസ്തമായ റെഡ് കാർപറ്റ് അഥവാ ചുവന്ന പരവതാനിയുടെ നിറം മാറ്റി.വിശിഷ്ടാതിഥികളും താരങ്ങളുമെല്ലാം ഈ പരവതനിയിലൂടെയാണ് കടന്ന് വന്നിരുന്നത്. 62 വർഷത്തിന് ശേഷമാണ് നിറം മാറ്റം. ഷാംപെയ്ൻ നിറമുള്ള കാർപെറ്റാണ് ഇക്കുറി ചടങ്ങിൽ ഉപയോഗിച്ചത്. പരിപാടിയുടെ ക്രിയേറ്റീവ് കൺസൽറ്റന്റുമാരായ ലിസ ലൗവ്, റൗൾ അവില എന്നിവരാണ് തീരുമാനത്തിന് പിന്നിൽ.
1920 മുതലാണ് റെഡ് കാർപറ്റുകൾ സിനിമാ വ്യവസായത്തിന്റെ ഭാഗമായത്. 1922ൽ ഹോളിവുഡിലെ ഈജിപ്ഷ്യൻ തീയേറ്ററിൽ പ്രദർശിപ്പിച്ച റോബിൻ ഹുഡ് എന്ന ചിത്രം കാണാൻ എത്തിയവർക്കായി ചുവന്ന പരവതാനി വിരിച്ചിരുന്നു. 1961ലാണ് ഒരു ഓസ്‌കർ പുരസ്‌കാരദാന ചടങ്ങിൽ റെഡ് കാർപെറ്റ് ഉപയോഗിക്കുന്നത്.
സാന്റ മോണിക്ക ഓഡിറ്റോറിയത്തിലാണ് അന്ന് ചടങ്ങ് നടന്നത്. പിന്നീട് ഓസ്‌കർ ചടങ്ങുകളുടെ മുഖമുദ്രയായി റെഡ് കാർപറ്റുകൾ മാറി. പിന്നീട് കാൻ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ റെഡ് കാർപെറ്റ് ഉപയോഗിച്ച് തുടങ്ങിയിരുന്നു.
Discussion about this post