ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാത്തൂൺ ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിവിൽ ജഡ്ജി ജില്ലാ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്
ഇമ്രാൻ ഖാനോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ ഹർജി നൽകി. തുടർന്ന് ഇമ്രാൻ ഖാന്റെ അപേക്ഷ തള്ളിയ കോടതി, അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മാർച്ച് 29 ന് ഇമ്രാൻ ഖാനെ കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവ്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, കസ്റ്റഡി പീഡനം ആരോപിച്ച് ഇമ്രാൻ ഖാൻ തന്റെ സ്പെഷ്യൽ അസിസ്റ്റന്റ് ഷഹബാസ് ഗില്ലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു രാഷ്ട്രീയ റാലി നടത്തിയിരുന്നു. അന്ന് പ്രസംഗത്തിനിടെ ഇമ്രാൻ ഖാൻ, ജഡ്ജി സേബ ചൗധരിയെ ഭീഷണിപ്പെടുത്തി. ജഡ്ജിക്കെതിരെ നടപടിയെടുക്കുമെന്നും സ്വയം തയ്യാറായി ഇരുന്നോളൂ എന്നുമാണ് ഇമ്രാൻ ഖാൻ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇമ്രാൻ ഖാൻ, ”താൻ പരിധി കടന്നിരിക്കാം” എന്ന് സമ്മതിക്കുകയും ജഡ്ജിയോട് മാപ്പ് പറയാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനോട് ഇന്ന് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post