ചന്ദ്രനില്‍ ഒരു ഉല്‍ക്ക വന്ന് പതിച്ചാല്‍ ആ കാഴ്ച എങ്ങനെയിരിക്കും. ഒരു ജാപ്പനീസ് ജ്യോതിശാസ്ത്രജ്ഞന്‍ കഴിഞ്ഞിടെ ആ കാഴ്ച ക്യാമറയില്‍ പകര്‍ത്തി, ഇവിടെ ഭൂമിയിലിരുന്നുകൊണ്ട്. ഉല്‍ക്ക വന്ന് വീണതിന്റെ ആഘാതത്തില്‍ ചന്ദ്രനില്‍ തീവ്രമായ പ്രകാശം തെളിയുന്നതിന്റെ വീഡിയോ അദ്ദേഹത്തിന് ലഭിച്ചു.
ജപ്പാനിലെ ഹിരത്സുക സിറ്റി മ്യൂസിയത്തിന്റെ മേല്‍നോട്ടക്കാരനായ ഡെയ്ചി ഫ്യുജിയെന്ന വ്യക്തിയാണ് ചന്ദ്രനില്‍ ഉല്‍ക്ക വന്ന് വീഴുന്നത് ചാന്ദ്രനിരീക്ഷണത്തിന് വേണ്ടി വീട്ടില്‍ സെറ്റ് ചെയ്ത ക്യാമറകളില്‍ പകര്‍ത്തിയത്. കഴിഞ്ഞ മാസം 23ന് ജപ്പാന്‍ സമയം രാത്രി എട്ടേകാലോടെ ആയിരുന്നു സംഭവം. ഉല്‍ക്ക ചന്ദ്രനിലെ പിറ്റിസ്‌കസ് ഗര്‍ത്തത്തിന് അല്‍പ്പം വടക്ക്പടിഞ്ഞാറുള്ള ഐഡ്‌ലര്‍ എല്‍ ഗര്‍ത്തത്തിന് അടുത്താണ് പതിച്ചതെന്ന് ഫ്യുജി പറയുന്നു.
ഉല്‍ക്കകള്‍ സെക്കന്‍ഡില്‍ ശരാശരി 8.3 മൈലുകള്‍ (13.4 കിലോമീറ്റര്‍) വേഗതയിലാണ് സഞ്ചരിക്കുന്നത്. ഏറ്റവും കൂടിയ പ്രവേഗത്തില്‍ (വെലോസിറ്റി) വന്ന് പതിച്ചാല്‍ തീവ്രമായ ചൂടും വലിയ ഗര്‍ത്തവും അതുണ്ടാക്കും. പതനത്തോടൊപ്പം തന്നെ തീവ്രതയുള്ള പ്രകാശവും ഉണ്ടാകും.
私の観測史上最大の月面衝突閃光を捉えることができました!2023年2月23日20時14分30.8秒に出現した月面衝突閃光を、平塚の自宅から撮影した様子です(実際の速度で再生)。なんと1秒以上も光り続ける巨大閃光でした。月は大気がないため流星や火球は見られず、クレーターができる瞬間に光ります。 pic.twitter.com/Bi2JhQa9Q0
— 藤井大地 (@dfuji1) February 24, 2023
താനിതുവരെ നടത്തിയ ചാന്ദ്ര നിരീക്ഷണത്തില്‍ ഒരു ഉല്‍ക്കാപതനം മൂലം ഉണ്ടാകുന്ന ഏറ്റവും വലിയ പ്രകാശത്തെ പകര്‍ത്താനായി എന്ന് ഫ്യൂജി ട്വിറ്ററില്‍ കുറിച്ചു. വളരെ വലിയ പ്രകാശമാണ് അതുമൂലം ഉണ്ടായതെന്നും ഒരു സെക്കന്‍ഡ് ഈ പ്രകാശം നിലനിന്നെന്നും അദ്ദേഹം എഴുതി. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതിനാല്‍ ഉല്‍ക്കകളെയോ തീഗോളങ്ങളെയോ കാണാനാകില്ലെന്നും എന്നാല്‍ ഇവ വന്ന് പതിച്ച് ഗര്‍ത്തമുണ്ടാകുമ്പോള്‍ അവയുടെ തിളക്കം കാണാമെന്നും ഫ്യുജി പറയുന്നു.
ഉല്‍ക്കാപതനം മൂലം പുതിയതായി ഉണ്ടായ ഗര്‍ത്തത്തിന് ഏകദേശം ഒരു ഡസണ്‍ മീറ്റര്‍ (39 അടി) വ്യാസം ഉണ്ടാകും. ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ടോ നാസയുടെ ലൂണാര്‍ റീകണൈസന്‍സ് ഓര്‍ബിറ്ററോ ഈ ദൃശ്യം കൃത്യമായി പകര്‍ത്തിയിട്ടുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഫ്യൂജി പറയുന്നു.
Discussion about this post