ബംഗളൂരു: സ്ത്രീയുടെ മൃതദേഹം വീപ്പക്കുള്ളിലാക്കി റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ എസ്എംവിടി റെയിൽവേ സ്റ്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിലാക്കിയ മൃതദേഹം തുണി ഇട്ട് മൂടിയ നിലയിലായിരുന്നു. 31നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ കവാടത്തിന് സമീപം മൂന്ന് പേർ ഓട്ടോറിക്ഷയിൽ വീപ്പ കൊണ്ടിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന രീതിയിൽ കണ്ടെത്തുന്ന മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹമാണിത്. ഡിസംബറിൽ ബൈപ്പനഹള്ളിയിലും ജനുവരിയിൽ യശ്വന്ത്പുരയിലും സ്ത്രീകളുടെ മൃതദേഹങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകങ്ങൾക്കും പിന്നിൽ ഒരു സീരിയൽ കില്ലർ ആകുമെന്ന നിഗമനത്തിലാണ് പോലീസ്.
ഡിസംബറിൽ ബൈപ്പനഹള്ളിയിൽ നിർത്തിയിട്ട ട്രെയിനുള്ളിലെ കംപാർട്‌മെന്റിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ജനുവരിയിൽ യശ്വന്ത്പുരയിൽ റെയിൽവേ സ്റ്റേഷനിലെ വീപ്പയ്ക്കുളളിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മൂന്ന് പേരും ഏതാണ്ട് ഒരേ പ്രായത്തിലുള്ളവരാണ്. മൂന്ന് കൊലപാതകങ്ങൾ സംബന്ധിച്ചും വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കുമെന്നും, കൊലപാതക രീതികളിലെ സാമ്യം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post