ബീജിംഗ്: കൊറോണ വ്യാപനം തുടങ്ങി മൂന്ന് വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി വിദേശ വിനോദ സഞ്ചാരികൾക്കായി അതിർത്തി തുറന്ന് ചൈന. കൊറോണയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന വിദേശ രാജ്യത്ത് നിന്നുള്ള സഞ്ചാരികൾ രാജ്യത്തെത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഇടിവ് വന്ന സാഹചര്യത്തിൽ വളർച്ചാനിരക്കിനെ സഹായിക്കാൻ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തീരുമാനം. 2020ലെ കൊറോണ വ്യാപനത്തിന് പിന്നാലെയാണ് ചൈന തങ്ങളുടെ രാജ്യത്തേക്ക് സഞ്ചാരികൾ എത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയത്
ഹോങ്കോംഗിൽ നിന്നും മക്കാവുവിൽ നിന്നുമുള്ള വിദേശ സഞ്ചാരികൾക്കായി ഗ്വാങ്ഡോങ്ങിലേക്കുള്ള വിസ രഹിത പ്രവേശനവും പുനരാരംഭിക്കും. 2020 മാർച്ച് 28ന് മുൻപ് അനുവദിച്ച വിസ കൈവശമുള്ള എല്ലാ വിദേശികൾക്കും നിർദ്ദിഷ്ട തീയതിക്കുള്ളിൽ ചൈനയിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
വിദേശ യാത്ര നടത്താൻ തങ്ങളുടെ പൗരന്മാർക്കുള്ള നിയന്ത്രണം അടുത്തിടെ ചൈന പിൻവലിച്ചിരുന്നു. കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൊറോണ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post