ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടൻ സന്ദർശന വേളയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാഹുലിന്റെ ഹാജർനില പാർലമെന്റിലെ എംപിമാരുടെ ശരാശരി ഹാജർ നിലയെക്കാൾ കുറവാണെന്ന് അനുരാഗ് താക്കൂർ പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷ നേതാക്കളുടെ മൈക്കുകൾ പലപ്പോഴും നിശബ്ദമാക്കപ്പെടാറുണ്ടെന്നായിരുന്നു ലണ്ടനിൽ വച്ച് രാഹുൽ പറഞ്ഞത്.
രാഹുൽ ഗാന്ധി പാർലമെന്റിൽ എത്തി രാജ്യത്തോട് മാപ്പ് പറയണമെന്നും അനുരാഗ് താക്കൂർ പറഞ്ഞു. ” ഇന്ത്യ ഇന്ന് ഒരു ആഗോള ശക്തിയായി ഉയർന്നുവന്നു കൊണ്ടിരിക്കുകയാണ്. ജി20യുടെ അദ്ധ്യക്ഷപദം വഹിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ പുരോഗതിയെ ആണ് ഇതെല്ലാം അടയാളപ്പെടുത്തുന്നത്. എന്നാൽ മറുവശത്തോ വിദേശ രാജ്യങ്ങളിലെത്തി ഇന്ത്യയെ അപമാനിക്കാനാണ് രാഹുൽ ശ്രമിക്കുന്നത്.
പാർലമെന്റിലെത്തി രാഹുൽ ഈ രാജ്യത്തോട് മാപ്പ് പറയണം. പാർലമെന്റിൽ തനിക്ക് സംസാരിക്കാൻ അനുമതി ഇല്ലെന്നാണ് രാഹുലിന്റെ വാദം. പക്ഷേ പാർലമെന്റ് എംപിമാരുടെ ശരാശരി ഹാജറിനെക്കാൾ കുറവാണ് രാഹുലിന്റെ ഹാജർനില. കോൺഗ്രസിന് അറിയാവുന്നത് അഴിമതിയുടെ കലയാണ്. സ്വന്തം രാജ്യത്തിനെതിരായാണ് അവർ പ്രചാരണം നടത്തുന്നത്. ഈ രാജ്യത്തോട് മാപ്പ് പറയാൻ കോൺഗ്രസ് ബാധ്യസ്ഥരാണെന്നും” അനുരാഗ് താക്കൂർ പറഞ്ഞു.
Discussion about this post