ന്യൂഡൽഹി: എച്ച് 3 എൻ2 അണുബാധയുള്ള കുട്ടികൾ ഗുരുതരാവസ്ഥയിലാവുന്നതായി റിപ്പോർട്ട്. രോഗബാധയുമായി ചികിത്സ തേടിയെത്തുന്ന കുട്ടികളിൽ പ്രത്യേകിച്ചും 5 വയസിന് താഴെയുള്ള കുട്ടികളിൽ രോഗം ഗുരുതരമാകുന്നതായാണ് റിപ്പോർട്ട്. പലരെയും ഐസിയുവിൽ പ്രവേശിപ്പിച്ചാണ് ചികിത്സ തുടരുന്നത്.
പനിക്കു സമാനമായുള്ള ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികളിൽ ചികിത്സയക്കെത്തുന്ന ഓരോ 10 കുട്ടികളിൽ ആറു പേർക്കും പനിക്കു സമാനമായ ലക്ഷണങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രായമായവരും കുട്ടികളും എച്ച് 3 എൻ 2 വൈറസിനെതിരെ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.
എച്ച് 3 എൻ 2 അണുബാധ സാധാരണയായി അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുമെന്നും മൂന്ന് ദിവസത്തിന് ശേഷം പനി മാറുമെന്നും വിദഗ്ദ്ധർ പറയുന്നു. ചിലരിൽ ചുമ കുറച്ചു ദിവസം കൂടി നീണ്ടുനിൽക്കും. കഠിനമായ പനി, ശരീരവേദന, ചുമ, ജലദോഷം, ശ്വാസതടസം എന്നിവയുള്ള കുട്ടികളെ കഴിഞ്ഞ രണ്ടു മാസത്തോളമായി ഡോക്ടർമാർ നിരീക്ഷിച്ചു വരികയാണ്.
കഠിനമായ പനി, ശരീരവേദന, തലവേദന, മൂക്കൊലിപ്പ് എന്നിവയാണ് എച്ച് 3 എൻ 2 വിന്റെ ലക്ഷണങ്ങൾ. പനി മാറിയാലും ചുമ കൂടാമെന്നും എട്ട് മുതൽ പത്തു ദിവസം വരെ രോഗം നീണ്ടുനിൽക്കുമെന്നും ഡോക്ടർമാർ പറയുന്നു. ഇതിനൊപ്പം വയറിളക്കം, ഛർദ്ദി പോലുള്ള അസുഖങ്ങളും ഉണ്ടായേക്കാം.ആസ്തമ, പൊണ്ണത്തടി, ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ, ഹൃദ്രോഗം പോലുള്ള അസുഖങ്ങൾ ഉള്ള കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
ചുമ കൂടുകയോ മൂന്ന് ദിവസത്തിന് ശേഷവും പനിയുടെ തീവ്രത വർദ്ധിക്കുകയോ ചെയ്യുന്നതായി കണ്ടാൽ പ്രത്യേകം കരുതണമെന്നും ഉടൻ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നുണ്ട്.
Discussion about this post