ബംഗളൂരു : ക്ഷയരോഗികളെ ദത്തെടുത്ത് കർണാടക ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട്. പ്രധാന മന്ത്രി ടിബി മുക്ത ഭാരത് അഭിയാന് കീഴിലാണ് 100 രോഗികളെ അദ്ദേഹം ദത്തെടുത്തത്. ഇന്ത്യയെ ക്ഷയരോഗ വിമുക്ത രാജ്യമാക്കുന്നതിൽ സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പരിപാടി സംഘടിപ്പിച്ചിരുന്നു. രോഗികൾക്ക് അദ്ദേഹം ഭക്ഷണം വിതരണം ചെയ്തു. ആരോഗ്യ കുടുംബക്ഷേമ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും, കർണാടക ടിബി സെല്ലും രാജ്ഭവനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
2025 ഓടെ ഇന്ത്യയെ ടിബി വിമുക്തമാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. അതിനാൽ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ഏറ്റവും ആവശ്യമുള്ള രോഗികളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഗവർണർ പറഞ്ഞു. ‘നിക്ഷയ് 2.0’ പോർട്ടലിലൂടെ ക്ഷയരോഗികൾക്ക് പങ്കാളിത്തം നൽകാനുള്ള നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.
നിലവിൽ 13.5 ലക്ഷം ടിബി രോഗികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 8.9 ലക്ഷം സജീവ ക്ഷയരോഗികൾ ദത്തെടുക്കാൻ സമ്മതം നൽകിക്കഴിഞ്ഞു. കർണാടകയിലെ 39,745 ക്ഷയരോഗികളിൽ 25,895 രോഗികൾ പോഷൻ ആധാറിന് സമ്മതം നൽകിയിട്ടുണ്ട്. അവരിൽ 25,110 രോഗികളെ ദത്തെടുത്തു.
Discussion about this post