പാലക്കാട്: ബിജെപി നേതാക്കളെ ആക്രമിച്ച കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സിപിഎം നേതാക്കളെ പ്രവർത്തകർ ഗുണ്ടായിസം കാട്ടി സ്റ്റേഷനിൽ നിന്നും തിരികെ കൊണ്ടുപോയി. ആലത്തൂർ പഴമ്പാലക്കോട് ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിൽ എടുത്ത നേതാക്കളെയാണ് പ്രവർത്തകർ അപ്പോൾ തന്നെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച പോലീസുകാരെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാമാക്ഷിയമ്മൻ കോവിൽപ്പാവടിയിൽ വിഷ്ണു, അമ്മ പാർവ്വതി, അയൽവാസിയും ബിജെപി പ്രവർത്തകനുമായ ദിനേശ് എന്നിവർക്കാണ് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റത്. വിവരം അറിഞ്ഞ് സംഘർഷം പരിഹരിക്കാനെത്തിയ പോലീസുകാരനും പരിക്കേറ്റു.
തരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മിഥുൻ, അത്തിപ്പറ്റ ലോക്കൽകമ്മിറ്റി സെക്രട്ടറി വേലായുധൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവശേഷം പഴമ്പാലക്കോട് ലോക്കൽ കമ്മിറ്റി ഓഫീസിൽ അഭയം പ്രാപിച്ച നേതാക്കളെ അവിടെയെത്തിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതാണ് പ്രവർത്തകരെ ചൊടിപ്പിച്ചതും. നോതാക്കളുമായി പോലീസ് എത്തുന്നതിന് മുൻപേ സ്റ്റേഷന് മുൻപിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചു. എന്നാൽ പേലീസ് ലാത്തി വീശുകയായിരുന്നു. ഇതിന് ശേഷം സ്റ്റേഷനുള്ളിലേക്ക് പ്രവർത്തകർ അതിക്രമിച്ച് കയറി. തുടർന്ന് ബലംപ്രയോഗിച്ച് ഇവരെ ഇറക്കിക്കൊണ്ട് പോകുകയായിരുന്നു. അതേസമയം ഇക്കാര്യം സിപിഎം നിഷേധിച്ചു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സിപിഎം നേതാക്കൾ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. മിഥുന്റെ നേതൃത്വത്തിലുള്ള സംഘം വിഷ്ണുവിനെ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടയാൻ എത്തിയ അമ്മയെയും ഇവർ ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ദിനേശിനെയും പ്രവർത്തകർ വെട്ടി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post