ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തോടുള്ള വെറുപ്പായിമാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലണ്ടനിൽ രാഹുൽ പറഞ്ഞതെല്ലാം പച്ചക്കള്ളമായിരുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ട് നടത്തിയ പരാമർശത്തിൽ അദ്ദേഹത്തെ കൊണ്ട് മാപ്പ് പറയിക്കണമെന്നും സ്മൃതി ഇറാനി ആവശ്യപ്പെട്ടു. അതേസമയം കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയ രാഹുൽ ഗാന്ധി ബുധനാഴ്ച തിരിച്ചെത്തും.
ബജറ്റിനോട് അനുബന്ധിച്ചുള്ള പാർലമെന്റിന്റെ രണ്ടാം ഘട്ട സമ്മേളനത്തിലായിരുന്നു സ്മൃതി ഇറാനി രാഹുലിനെതിരെ ആഞ്ഞടിച്ചത്. രാഹുൽ ഗാന്ധിയെ രാജ്യത്തുള്ള സർവ്വകലാശാലകളൊന്നും പരിപാടികൾക്കായി വിളിക്കുന്നില്ല. ഇതേ തുടർന്നാണ് ജനാധിപത്യം മരിച്ചെന്ന് അദ്ദേഹത്തിന് തോന്നിയത്. 2016 ൽ ഡൽഹി സർവ്വകലാശാല പരിപാടിയിൽ പങ്കെടുത്ത് രാജ്യവിരുദ്ധ മുദ്രാവാക്യത്തെ പിന്തുണച്ച അദ്ദേഹം, ഭാരത് ജോഡോ യാത്രയ്ക്കായി കശ്മീരിൽ എത്തിയപ്പോൾ ഇന്ത്യയിൽ എല്ലാം ശരിയാണെന്ന് പറഞ്ഞു. ഇതിൽ ഏതാണ് കള്ളം?
രാഹുൽ രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെ ആക്രമിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനെ അവഹേളിക്കുകയും ചെയ്തു. ലണ്ടനിൽ പറഞ്ഞതിനെല്ലാം അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. എല്ലാ ജനങ്ങളും അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നു. ഇത് അദ്ദേഹത്തിന് തന്നെ അപമാനകരമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച മുതലാണ് പാർലമെന്റിന്റെ രണ്ടാം ഘട്ട സമ്മേളനം ആരംഭിച്ചത്. മൂന്നാം ദിനമായ ബുധനാഴ്ച ലണ്ടനിൽ നിന്നെത്തുന്ന രാഹുൽ ഗാന്ധിയും സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഭാരത് ജോഡോ യാത്രയ്ക്ക് പിന്നാലെ കഴിഞ്ഞ മാസമാണ് രാഹുൽ ഗാന്ധി ലണ്ടനിലേക്ക് പോയത്. കേംബ്രിഡ്ജിലെ പരിപാടിയ്ക്ക് പുറമേ മറ്റ് പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.











