ന്യൂഡൽഹി; കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ച് ഡൽഹി പോലീസ്. ജമ്മുകശ്മീരിൽ നിരവധി പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് രാഹുൽ പറഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ വച്ചായിരുന്നു ഈ പരാമർശം. യാത്രക്കിടയിൽ രാഹുലിനെ സമീപിച്ച പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പീഡനത്തിന് ഇരയായ പെൺകുട്ടികളെ സംബന്ധിച്ച വിവരം അറിഞ്ഞവർ അത് വെളിപ്പെടുത്താൻ ബാധ്യസ്ഥരാണെന്ന് പോലീസ് വ്യക്തമാക്കി. പ്രത്യേക കേസുമായി ബന്ധപ്പെട്ട് താൻ ഒരു പെൺകുട്ടിയോട് സംസാരിച്ചപ്പോൾ അവൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി. പോലീസിനെ വിളിച്ച് വിവരങ്ങൾ കൈമാറട്ടെയെന്ന് ആ പെൺകുട്ടിയോട് താൻ ചോദിച്ചു. എന്നാൽ പോലീസിനെ വിളിക്കരുതെന്നും അത് തനിക്ക് നാണക്കേടാകുമെന്നും ആ പെൺകുട്ടി പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പരാമർശം.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഇതുമായി ബന്ധപ്പെട്ട ചോദ്യാവലി തയ്യാറാക്കിയാണ് നോട്ടീസ് അയച്ചത്.
അതേസമയം രാഹുൽഗാന്ധിക്ക് പോലീസ് നോട്ടീസ് അയച്ച നടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post