തിരുവനന്തപുരം: കണ്ണൂരിൽ കലശം ഘോഷയാത്രയിൽ പി ജയരാജന്റെ ചിത്രം വച്ചതിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ക്ഷേത്രോത്സവത്തിൻറെ ഭാഗമായി പി ജയരാജന്റെ പടം വച്ചത് പാർട്ടി അംഗീകരിക്കുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട് മാർക്‌സിൻറെ പടം വച്ചാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിശ്വാസത്തിനും പാർട്ടി എതിരല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചത്. പുല്യോട് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച കലശത്തിലാണ് തെയ്യത്തിന്റെ ചിത്രത്തിനൊപ്പം ചെഗുവേരയെയും പി.ജയരാജന്റെയും ചിത്രങ്ങൾ കൂടി വച്ചത്.
വിവാദമായതോടെ സംഭവത്തെ തള്ളിപ്പറഞ്ഞ് സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ രംഗത്തുവന്നു. വിശ്വാസം രാഷ്ട്രിയവത്ക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു. നേതാക്കളുടെ ചിത്രം വെച്ചല്ല ക്ഷേത്രങ്ങളിൽ കലശവും ഘോഷയാത്രയും നടത്തണ്ടതെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞത്. ക്ഷേത്ര കലശത്തിൽ പാർട്ടി നേതാക്കളുടെ ചിത്രം പതിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Discussion about this post