കൊല്ലം: പുനലൂരിൽ അനധികൃത ചാരായ നിർമ്മാണ യൂണിറ്റ് തകർത്ത് എക്‌സൈസ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അരിപ്ലാച്ചി സ്വദേശി ജോസ് പ്രകാശ്, ചടയമംഗലം സ്വദേശി അനിൽകുമാർ, വെള്ളുപ്പാറ സ്വദേശി മണിക്കുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ സുദേവന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചാരായണ നിർമ്മാണ യൂണിറ്റ് നശിപ്പിച്ചത്.
ജോസ് പ്രകാശിന്റെ വീട്ടിലായിരുന്നു പ്രതികൾ ചാരായം വാറ്റിയിരുന്നത്. വീടിൻറെ രണ്ടാം നിലയിൽ ആധുനിക രീതിയിൽ സജ്ജീകരിച്ച നിർമ്മാണ യൂണിറ്റിൽ മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന ആയിരം ലിറ്റർ കോടയും, 5 ലിറ്റർ ചാരായവും, ഗ്യാസ് സ്റ്റൗ സിലിണ്ടറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. ബാത്‌റൂമിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് ജലവിതരണ സംവിധാനവും, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് വലിയ അടുപ്പുകളും സജ്ജീകരിച്ചിരുന്നു. വിവിധതരം പഴങ്ങളും, ആയുർവേദ ഉത്പന്നങ്ങളും ഉപയോഗിച്ചു കോട ഉണ്ടാക്കിയിരുന്ന ഇവർ ചാരായത്തിന് ലിറ്ററിന് 1500/ രൂപ വരെ ഈടാക്കിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്.
അനിൽകുമാർ എന്ന സ്പിരിറ്റ് കണ്ണൻ ആയിരുന്നു ചാരായ നിർമ്മാണത്തിന്റെ മേൽനോട്ടക്കാരൻ. മണിക്കുട്ടൻ ഇവരുടെ പ്രധാന സഹായി ആണ്. സംഘത്തിൽ പ്രിവന്റിവ് ഓഫിസർ അൻസർ. കെ.പി ശ്രീകുമാർ, ബി.പ്രദീപ്കുമാർ, സിവിൽ എക്‌സൈസ് ഓഫസർമാരായ അനീഷ്അർക്കജ്, ഹരിലാൽ എസ്, റോബി സിഎം എന്നിവർ പങ്കെടുത്തു.
Discussion about this post