ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ പീഡനത്തിന് ഇരയായ ഒരു സ്ത്രീ തന്നെ വന്നു കണ്ട് ഇക്കാര്യം വെളിപ്പെടുത്തിയെന്ന വിവരത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനെത്തിയ പോലീസ് സംഘം രാഹുലുമായി കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ സമയം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായി സ്‌പെഷൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.
ദീർഘമായ യാത്രയായിരുന്നു നടത്തിയത്. ഒരുപാട് ആളുകളെ കണ്ടു. അതുകൊണ്ടു തന്നെ ആ സ്ത്രീയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ സമയം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എത്രയും വേഗം വിവരങ്ങൾ പങ്കുവെയ്ക്കാമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ടെന്നും ലഭ്യമായാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
രാഹുലിന് നോട്ടീസ് നൽകിയതായും അദ്ദേഹത്തിന്റെ ഓഫീസ് അത് കൈപ്പറ്റിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ ആലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും സ്‌പെഷൽ പോലീസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. സ്‌പെഷൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് രാഹുലിന്റെ വസതിയിൽ വിശദാംശങ്ങൾ ശേഖരിക്കാൻ എത്തിയത്.
അതിനിടെ പോലീസ് എത്തിയതോടെ രാഹുലിന്റെ വസതിയിൽ സംഘടിച്ചെത്തിയ കോൺഗ്രസ് പ്രവർത്തകർ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. പ്രതിഷേധം നടത്തിയ പ്രവർത്തകരെ പോലീസ് ബലമായി നീക്കി.
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ ശ്രീനഗറിൽ വെച്ചാണ് ഒരു സ്ത്രീ തന്നെ സമീപിച്ച് അവർ പീഡനത്തിന് ഇരയായി എന്ന് പറഞ്ഞതായി രാഹുൽ പറഞ്ഞത്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും രാഹുൽ അത് പോലീസിൽ അറിയിക്കാനോ കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുളള നിയമനടപടി സ്വീകരിക്കാനോ തയ്യാറായില്ല. തുടർന്നാണ് പീഡനത്തിന് ഇരയായ സ്ത്രീയുടെ വിവരങ്ങൾ തേടി ഡൽഹി പോലീസ് രാഹുലിന്റെ വീട്ടിലെത്തിയത്.
Discussion about this post