ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ നടപടികളിൽ പ്രതിഷേധിച്ച് ഒരു പറ്റം വിഘടനവാദികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ കടന്നുകയറി ത്രിവർണ പതാകയെ അവഹേളിച്ച സംഭവത്തിൽ, ശക്തമായ നടപടികളുമായി കേന്ദ്ര സർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ യുകെ സ്ഥാനപതിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. സംഭവത്തിൽ ഇന്ത്യ യുകെയെ ശക്തമായ പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഇന്ത്യ യുകെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷൻ ഓഫീസിലേക്ക് ഒരു കൂട്ടം ഖാലിസ്ഥാൻ അനുകൂലികൾ വിദ്വേഷ മുദ്രാവാക്യങ്ങളുമായി കടന്നു ചെല്ലുന്നതിന്റെയും, ത്രിവർണ പതാക എടുത്ത് മാറ്റുന്നതിന്റെയും ദൃശ്യങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ പുറത്ത് വന്നിരുന്നു. സംഭവം അറിഞ്ഞയുടൻ കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടുകയായിരുന്നു.
ഹൈക്കമ്മീഷൻ ഓഫീസിലേക്ക് വിഘടനവാദികൾക്ക് കടന്നു കയറാൻ സാധിച്ചത് സുരക്ഷാ വീഴ്ചയാണോ എന്ന് പരിശോധിക്കണം. ഇക്കാര്യത്തിൽ യുകെ സ്ഥാനപതിയോട് ഇന്ത്യ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേർക്ക് നടന്ന കടന്നുകയത്തിന്റെ പശ്ചാത്തലത്തിൽ, വിയന്ന കൺവെൻഷന്റെ അടിസ്ഥാന തത്വങ്ങൾ യുകെയെ ഇന്ത്യ ഓർമ്മിപ്പിച്ചു. ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിനും ഉദ്യോഗസ്ഥർക്കും സുരക്ഷ ഒരുക്കുന്നതിൽ യുകെ സർക്കാർ അലംഭാവം കാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് നടന്ന സംഭവത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കണം. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് നടന്ന കടന്നുകയറ്റ ശ്രമം അപമാനകരമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി അലക്സ് എല്ലിസ് അറിയിച്ചു.
Discussion about this post