ന്യൂഡൽഹി: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഖാലിസ്ഥാൻ അനുകൂലി അമൃത്പാൽ സിംഗിനായി വലവിരിച്ച് വിവിധ അന്വേഷണ ഏജൻസികൾ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശക്തമായ നിർദേശപ്രകാരമാണ് അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടികൾ ഊർജ്ജിതമാക്കിയിരിക്കുന്നത്. അജ്നാല സംഭവത്തിന് പിന്നാലെ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനോട് ദേശവിരുദ്ധ ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ അമിത് ഷാ നിർദേശം നൽകുകയായിരുന്നു.
അമിത് ഷായ്ക്കും ഭഗവന്ത് മാനുമെതിരെ വധഭീഷണി മുഴക്കിയതോടെയാണ്, അമൃത്പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടികൾ ശക്തമാക്കിയത്. അമിത് ഷായ്ക്ക് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ അവസ്ഥ വരും എന്നായിരുന്നു അമൃത്പാൽ സിംഗിന്റെ ഭീഷണി.
ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പഞ്ചാബിൽ നിയമവാഴ്ച ഉറപ്പ് വരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അർദ്ധ സൈനിക വിഭാഗങ്ങളെ പഞ്ചാബിൽ വിന്യസിച്ചിരിക്കുകയാണ്. 19,000 സൈനികർ അടങ്ങുന്ന കലാപവിരുദ്ധ ദ്രുതകർമ സേനയെയാണ് കേന്ദ്രം പഞ്ചാബിലേക്ക് അയച്ചിരിക്കുന്നത്.
ക്രിമിനൽ കേസിൽ അറസ്റ്റിലായ അമൃത്പാൽ സിംഗിന്റെ അനുയായി ലവ്പ്രീത് തൂഫാനെ മോചിപ്പിക്കാൻ ആയിരക്കണക്കിന് പേർ പഞ്ചാബിലെ അജ്നാല പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഘത്തിനെതിരെ പോലീസ് നടപടികൾ ആരംഭിക്കുന്നത്. ലവ്പ്രീത് തൂഫാനെ പിന്നീട് പഞ്ചാബ് പോലീസ് മോചിപ്പിച്ചിരുന്നു.
ഇതിനെ തുടർന്നാണ് വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഉണ്ടാകുന്നത്. അമൃത്പാൽ സിംഗിന്റെ എൺപതോളം അനുയായികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ പലർക്കുമെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
Discussion about this post