കൊച്ചി: വരിയിൽ നിൽക്കാതെ ഓൺലൈനായി ടിക്കറ്റെടുക്കാൻ സാധിക്കുന്ന യുടിഎസ് ആപ്പ് പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. സാധാരണ ജനറൽ ടിക്കറ്റും. സീസൺ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റുമെല്ലാം ഈ ആപ്പ് വഴി പണമടച്ച് എടുക്കാൻ സാധിക്കും. ആപ്പ് സാധാരണ ജനങ്ങൾ പ്രയോജനപ്പെടുത്തുന്നത് വഴി കൗണ്ടറുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
നേരത്തെ സ്റ്റേഷന്റെ 15 മീറ്റർ പരിധിക്കുള്ളിൽ ആപ്പ് പ്രവർത്തിച്ചിരുന്നില്ല. ഈ പ്രശ്‌നമുൾപ്പെടെ നിലവിൽ പരിഹരിച്ചിട്ടുണ്ട്. ആപ്പിന് പുറമെ സ്റ്റേഷനുകളിലുള്ള ക്യുആർ കോഡ് വഴിയും ടിക്കറ്റ് എടുക്കാൻ സാധിക്കും. എന്നാൽ ആപ്പ് ഉപയോഗിച്ച് റിസർവേഷൻ ടിക്കറ്റ് എടുക്കാൻ സാധിക്കില്ല. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ സ്റ്റോർ, വിൻഡോസ് സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്നെല്ലാം ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. മൊബൈൽ നമ്പർ നൽകിയാൽ കിട്ടുന്ന ഒടിപി വഴി ആദ്യം രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.
പേപ്പർ അല്ലെങ്കിൽ പേപ്പർലെസ് എന്ന ഓപ്ഷൻ പിന്നീട് തിരഞ്ഞെടുക്കണം. നോർമൽ ബുക്കിംഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം യാത്ര പുറപ്പെടുന്ന സ്റ്റേഷനും പോകേണ്ട സ്‌റ്റേഷനും നൽകുക. യാത്രക്കാരുടെ എണ്ണവും ട്രെയിൻ ടൈപ്പും പെയ്‌മെന്റ് രീതിയും നൽകി ഗേറ്റ് ഫെയർ അടിച്ചാൽ എത്ര തുകയാകും എന്നത് കാണിക്കും. തുടർന്ന് ബുക്ക് ടിക്കറ്റ് എന്ന ഓപ്ഷൻ നൽകി പണമടച്ചാൽ ടിക്കറ്റ് ലഭിക്കും.
ട്രെയിനുള്ളിൽ പരിശോധകർ ടിക്കറ്റ് ആവശ്യപ്പെട്ടാൽ ഷോ ടിക്കറ്റ് എന്ന ഓപ്ഷൻ വഴി ടിക്കറ്റ് കാണിക്കാവുന്നതാണ്. സ്റ്റേഷനിലുള്ള എടിവിഎം വഴിയോ കൗണ്ടറിൽ നിന്ന് ബുക്കിംഗ് ഐഡി വഴിയോ ടിക്കറ്റ് പ്രിന്റ് ചെയ്ത് എടുക്കാനും സാധിക്കും, പ്ലാറ്റ്‌ഫോം ടിക്കറ്റും സീസൺ ടിക്കറ്റും ഈ രീതിയിലെടുക്കാം. കൗണ്ടറിൽ നൽകേണ്ട അതേ തുക തന്നെയാണ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും നൽകേണ്ടത്.
Discussion about this post