ബംഗലൂരു: സോഷ്യൽ മീഡിയയിൽ കോളജ് വിദ്യാർത്ഥികളുടെ ഹരമായ കൊമ്പൻ ഹോളിഡെയ്‌സിന്റെ ടൂറിസ്റ്റ് ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു. മടിവാളയ്ക്ക് സമീപമുളള പ്രമുഖ സ്വകാര്യകോളജിലെ മലയാളി വിദ്യാർത്ഥികളുമായി ചിക്കമംഗളൂരുവിലേക്ക് വിനോദസഞ്ചാര ട്രിപ്പ് പോകുമ്പോഴായിരുന്നു സംഭവം.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ ലൈറ്റുകളും സ്പീക്കറുകളിൽ പാട്ടും വെച്ചു സഞ്ചരിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ബസ് തടഞ്ഞ നാട്ടുകാർ ജീവനക്കാരോട് ലൈറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ബസിലെ അമിതമായ ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകളും എൽഇഡി ലൈറ്റുകളും മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകൾ മറച്ചാണ് യാത്ര തുടരാൻ നാട്ടുകാർ സമ്മതിച്ചത്. കേരളത്തിലെ കളർ കോഡ് അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ് ബസുകളുടെ രജിസ്‌ട്രേഷൻ അടുത്തിടെ കർണാടകയിലെ ഒരു ബന്ധുവിന്റെ പേരിലേക്ക് ഉടമ മാറ്റിയിരുന്നു. കറുത്ത നിറത്തിലെ ബസുകൾ ഉൾപ്പെടെ ഇവർക്കുണ്ട്. ഒരു തരത്തിലും വെളളനിറത്തിലേക്ക് മാത്രം മാറില്ലെന്ന നിലപാടിലായിരുന്നു ഉടമ. തുടർന്നാണ് ബസുകളുടെ രജിസ്‌ട്രേഷൻ കർണാടകയിലേക്ക് മാറ്റിയത്.
നേരത്തെയും കൊമ്പൻ ട്രാവൽസ് വിവാദത്തിൽ പെട്ടിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ബസുകളുടെ വീഡിയോകൾ പോസ്റ്റ് ചെയ്താണ് കൊമ്പൻ ഹോളിഡെയ്‌സ് വിദ്യാർത്ഥികളെ ആരാധകരാക്കിയത്.
Discussion about this post