ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയുടെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി.
ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ ഇന്ത്യൻ നീക്കത്തിൽ പ്രകോപിതരായി, ലണ്ടനിലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. എംബസിയിലെ ത്രിവർണ പതാക നീക്കി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ അക്രമികൾ ശ്രമിച്ചുവെങ്കിലും, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
ബ്രിട്ടണിലെ ഇന്ത്യൻ എംബസിക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിട്ടും ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ കാര്യമായി ഇടപെട്ടില്ല എന്ന ആക്ഷേപം നിലവിലുണ്ട്. ആക്രമണം മുൻകൂട്ടി കാണുന്നതിൽ ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗം പരാജയപ്പെട്ടതായും ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അക്രമികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയുടെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് എന്നാണ് വിവരം.









Discussion about this post