ലണ്ടൻ: ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബ്രീട്ടീഷ് സർക്കാർ. ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടണെതിരെ ഇന്ത്യ പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ബ്രീട്ടീഷ് എംബസിയുടെ സുരക്ഷ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. ഇതിന് മുന്നോടിയായി ന്യൂഡൽഹിയിലെ പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനു പുറത്തുള്ള ട്രാഫിക് ബാരിക്കേഡുകൾ ഇന്ത്യ നീക്കം ചെയ്തു. തുടർന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് മുൻപെങ്ങുമില്ലാത്ത വിധം ബ്രിട്ടീഷ് സർക്കാർ സുരക്ഷയൊരുക്കിയത്.
മൂന്ന് ദിവസം മുമ്പാണ് ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിനു മുൻപിൽ ആക്രമണം നടത്തിയത്. ഇന്ത്യൻ പതാകയ്ക്ക് മുകളിൽ ഖാലിസ്താൻ പതാക ഉയർത്തിക്കൊണ്ടായിരുന്നു ആക്രമണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയായാണ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഡസൻ കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്ത്യാ ഹൗസ് എന്നറിയപ്പെടുന്ന ഹൈക്കീഷൻ ഓഫീസിന് മുൻപിൽ തമ്പടിച്ചിരിക്കുന്നത്. തെരുവിലൂടെ കുതിരപ്പുറത്ത് കയറിയുള്ള പോലീസ് പട്രോളിംഗും നടത്തുകയും നടപ്പാതയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗിനെതിരായ കേന്ദ്രസർക്കാർ നീക്കത്തിൽ പ്രകോപിതരായാണ് ലണ്ടനിലെ ഖാലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ എംബസിക്ക് നേരെ ആക്രമണം നടത്തിയത്. എംബസിയിലെ ത്രിവർണ പതാക നീക്കി ഖാലിസ്ഥാൻ പതാക സ്ഥാപിക്കാൻ അക്രമികൾ ശ്രമിച്ചുവെങ്കിലും, ഇന്ത്യൻ ഉദ്യോഗസ്ഥർ ഇടപെട്ട് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതിയെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അക്രമികളെ എത്രയും വേഗം പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post