ലണ്ടൻ: ബ്രിട്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഭാരതീയർ നൽകിയ മറുപടി അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഇന്ത്യൻ പതാക താഴയിറക്കിയ ശേഷം ഖാലിസ്ഥാൻ പതാക ഉയർത്താനാണ് ഭീകരർ ശ്രമിച്ചത്. കല്ലുകളും കുപ്പികളും ഉപയോഗിച്ച് ഓഫീസിന് കേടുപാടുകൾ വരുത്താനും സംഘം ശ്രമിച്ചു.
എന്നാൽ ഇതിനെതിരെ ആക്രമണത്തിന്റെ വഴി തിരഞ്ഞെടുക്കാതെ വ്യത്യസ്തമായ വഴിയാണ് ലണ്ടനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും തിരഞ്ഞെടുത്തത്. ഭീമൻ ത്രിവർണ പതാക ഹൈക്കമീഷൻ ഓഫീസിന് മുകളിൽ ഉയർത്തിയാണ് അവർ ഖാലിസ്ഥാനികൾക്ക് മറുപടി നൽകിയത്.
അഭിമാനം മുറുകെ പിടിച്ചുള്ള ഇവരുടെ ഈ പ്രവർത്തി, അന്താരാഷ്ട്ര തലത്തിലാണ് ചർച്ചയാവുന്നത്. അക്രമത്തിന് മുതിർന്ന് സാഹചര്യം വഷളാക്കാതെ ചുട്ട മറുപടിയാണ് നൽകിയതെന്ന് ചൂണ്ടിക്കാണിച്ച് ത്രിവർണ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങൾ പലരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബ്രീട്ടീഷ് സർക്കാർ. ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടണെതിരെ ഇന്ത്യ പരസ്യമായി നീരസം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തെ ബ്രീട്ടീഷ് എംബസിയുടെ സുരക്ഷ പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിച്ചിരുന്നു. ഇതിന് മുന്നോടിയായി ന്യൂഡൽഹിയിലെ പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനു പുറത്തുള്ള ട്രാഫിക് ബാരിക്കേഡുകൾ ഇന്ത്യ നീക്കം ചെയ്തു. തുടർന്നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് മുൻപെങ്ങുമില്ലാത്ത വിധം ബ്രിട്ടീഷ് സർക്കാർ സുരക്ഷയൊരുക്കിയത്.
Discussion about this post