ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന് സമീപം ഖാലിസ്ഥാൻ അനുകൂല സംഘങ്ങൾ വീണ്ടും പ്രതിഷേധവുമായെത്തി. പ്രതിഷേധവുമായെത്തിയ സംഘം ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന് നേരെ മുദ്രാവാക്യം വിളിക്കുകയും വെള്ളക്കുപ്പികൾ എറിയുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ പോലീസിനും നേരെ മഷിയെറിഞ്ഞു. മൂന്നുമണിക്കൂറിലേറെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റമുട്ടി.
ഇന്ത്യാ ഹൗസിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ട കൂറ്റൻ ഇന്ത്യൻ പതാകയാണ് പ്രതിഷേധക്കാർക്ക് പ്രകോപനം ഉണ്ടാക്കാൻ കാരണമായത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ ഇന്ത്യൻ പതാക വലിച്ചെറിയുകയും കെട്ടിടത്തിന്റെ ജനാലകൾ തകർക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഹൈക്കമ്മീഷൻ ജീവനക്കാർ കെട്ടിടത്തിന് മുകളിൽ കൂറ്റൻ പതാക കെട്ടി തിരിച്ചടിച്ചത്.
24 ബസുകളിൽ ആയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിനു മുന്നിൽ പോലീസിനെ വിന്യസിച്ചത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഇവിടെ ഒരുക്കിയത്. ആദ്യമാദ്യം ചെറിയ സംഘങ്ങളായാണ് പ്രതിഷേധക്കാർ എത്തിയത്. വൈകുന്നേരമായതോടെ പ്രതിഷേധക്കാരുടെ എണ്ണം വർദ്ധിച്ചു. രണ്ടായിരത്തോളം പ്രതിഷേധക്കാർ സ്ഥലത്ത് എത്തിയതായാണ് പോലീസ് റിപ്പോർട്ട്. പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു, ഇത് തടയാൻ ശ്രമിച്ച പോലീസിനു നേരെ വെള്ളക്കുപ്പികളും മഷിയും എറിഞ്ഞാണ് പ്രതിഷേധം അരങ്ങേറിയത്. ഇതോടെ പോലീസും നിലപാട് ശക്തമാക്കി.
ഇന്ത്യൻ ഹൈക്കമ്മീഷന് സുരക്ഷ ഒരുക്കുന്നതിൽ ബ്രിട്ടീഷ് സർക്കാർ പരാജയപ്പെട്ടതായി ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. പ്രതിഷേധ സൂചകമായിന്യൂഡൽഹിയിലെ പോലീസ് ബ്രിട്ടീഷ് ഹൈക്കമ്മീഷനു പുറത്തുള്ള ട്രാഫിക് ബാരിക്കേഡുകൾ നീക്കം ചെയ്തു. തൊട്ടുപിന്നാലെയാണ് ലണ്ടനിൽ അധിക സുരക്ഷ ഏർപ്പെടുത്തിയത്. പഞ്ചാബിലെ സ്ഥിതിഗതികളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജപ്രചാരണങ്ങളാണെന്നും ഇതിൽ സത്യമില്ലെന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമി പറഞ്ഞു.










