ന്യൂഡൽഹി: ഡൽഹി, ഒഡീഷ, രാജസ്ഥാൻ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ പുതിയ സംസ്ഥാന അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. രാജസ്ഥാനിൽ സതീഷ് പൂനിയയ്ക്ക് പകരം സി പി ജോഷിയെ നിയമിച്ചു. ഈ വർഷം അവസാനമാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഡൽഹിയിൽ വീരേന്ദ്ര സച്ച്ദേവ പ്രസിഡന്റാകും. ഒഡീഷയിൽ മൻമോഹൻ സമലും, ബീഹാറിൽ സാമ്രാട്ട് ചൗധരിയും പുതിയ പ്രസിഡന്റുമാരാകും.
ബിജെപി ഏറെ ശക്തി പ്രാപിച്ച് വരുന്ന സംസ്ഥാനമാണ് ഒഡീഷ. സമീർ മൊഹന്തിയെ മാറ്റിയാണ് മൻമോഹൻ സമലിന് സ്ഥാനം നൽകിയിരിക്കുന്നത്. ബീഹാറിൽ സഞ്ജയ് ജയ്‌സ്വാളിന് പകരമായാണ് സാമ്രാട്ട് ചൗധരി എത്തുന്നത്. കുർമി വിഭാഗം നേതാവായ സാമ്രാട്ട് ചൗധരി ബീഹാറിലെ ഒബിസി വിഭാഗങ്ങൾക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ്










