ചെന്നൈ: 11 വർഷം മുൻപ് ഇന്ത്യയിൽ നിന്ന് അജ്ഞാതർ കടത്തിക്കൊണ്ടുപോയ അഞ്ഞൂറ് വർഷം പഴക്കമുള്ള ഹനുമാൻ വിഗ്രഹം കണ്ടെത്തി. തമിഴ്‌നാട് പോലീസ് ഏറെക്കാലമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഗ്രഹം കണ്ടെടുക്കാനായത്. ഓസ്‌ട്രേലിയയിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് മേഷണം പോയ വിഗ്രഹമാണ് ഓസ്‌ട്രേലിയയിൽ നിന്ന് കണ്ടെത്തിയത്. ഹനുമാൻ വിഗ്രഹം ഉടൻ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു.
2012 ൽ അരിയല്ലൂർ ജില്ലയിലെ സെണ്ടുറൈക്ക് സമീപമുള്ള വരദരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് വരദരാജ പെരുമാൾ, ശ്രീദേവി, ബൂദേവി എന്നീ മറ്റ് മൂന്ന് വിഗ്രഹങ്ങൾക്കൊപ്പമാണ് ഹനുമാൻ പ്രതിമയും അജ്ഞാതർ കൊള്ളയടിച്ചത്.
കേസ് അന്വേഷണത്തിൻറെ ഭാഗമായി ഐഡൽ വിംഗ് സിഐഡി വിദേശത്തുള്ള ആർട്ട് ഗാലറികളുടെയും മ്യൂസിയങ്ങളുടെയും വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിച്ച വിവിധ വിഗ്രഹ ചിത്രങ്ങൾ പരിശോധിച്ചു. മോഷണം പോയ ലോഹ വിഗ്രഹങ്ങളുടെ എല്ലാ ചിത്രങ്ങളും മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുമായി താരതമ്യം ചെയ്തു.
ഒടുവിൽ അമേരിക്കയിലെ ന്യൂയോർക്കിലുള്ള ക്രിസ്റ്റീസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹനുമാൻ ലോഹ വിഗ്രഹം തമിഴ്‌നാട്ടിൽനിന്ന് മോഷണം പോയ വിഗ്രഹമാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. എന്നാൽ ചെന്നൈ പോലീസ് അന്വേഷിച്ചെത്തിയപ്പോൾ വിഗ്രഹം ലേലത്തിൽ പോയതായി മ്യൂസിയം അധികൃതർ അറിയിച്ചു. ഇതോടെയാണ് കലാസൃഷ്ടികളുടെ ശേഖരമുള്ള ഓസ്‌ട്രേലിയൻ യുവാവിലേക്ക് പോലീസ് അന്വേഷണമെത്തുന്നത്. ഇയാളാണ് ഹനുമാൻ വിഗ്രഹം ലേലത്തിൽ സ്വന്തമാക്കിയത്.
സർക്കാരിൻ്റെ എംഎച്ച്എ, എംഇഎയുടെ നയതന്ത്ര ശ്രമങ്ങളാൽ ഇത് ഓസ്‌ട്രേലിയയിലെ കാൻബെറയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറി.
കഴിഞ്ഞ ഏഴു വർഷത്തിനിടെ 212 ഓളം പുരാവസ്തുക്കളാണ് കേന്ദ്രസർക്കാർ സർക്കാർ വീണ്ടെടുത്തത്.










