പട്‌ന: പൊതുമദ്ധ്യത്തിൽ വീണ്ടും പരിഹാസനായി ബിഹാർ പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ്. മുൻ ബിഹാർ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിന്റെയും റാബ്‌റി യാദവിന്റെയും മൂത്തമകനായ തേജ് പ്രതാപ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇതിന് കാരണം.
ഭഗവാൻ ശ്രീകൃഷ്ണനെയും മഹാഭാരതയുദ്ധവും താൻ സ്വപ്‌നം കണ്ടുവെന്ന തേജ് പ്രതാപ് യാദവിന്റെ പരാമർശമാണ് ചർച്ചയാകുന്നത്. സ്വപ്‌നത്തിന്റെ ദൃശ്യങ്ങളെന്ന പേരിൽ മഹാഭാരതം എന്ന പ്രശസ്തമായ ടിവി സീരിയലിലെ ദൃശ്യങ്ങൾ കാണിച്ചതാണ് ചർച്ചയ്ക്ക് കാരണമായത്.
കട്ടിലിൽ കണ്ണടച്ച് കിടക്കുന്ന തേജ് പ്രതാപ് യാദവാണ് ആദ്യം വീഡിയോയിൽ കാണാൻ സാധിക്കുക. ഇതിന് ശേഷം ടെലിവിഷൻ സീരിയയിലെ രംഗങ്ങളാണ് കാണിക്കുന്നത്. ദർശനം ലഭിച്ചെന്ന വ്യാജേന മന്ത്രി, കട്ടിലിൽ ഇരിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. തനിക്ക് ഭഗവത്ദർശനം ലഭിച്ചുവെന്ന അവകാശവാദത്തോടെയാണ് തേജ് പ്രതാപ് വീഡിയോ പങ്കുവച്ചത്. മന്ത്രി ജനങ്ങളുടെ മുമ്പിൽ സ്വയം മണ്ടനാവുകയാണെന്നാണ് പലരും വിമർശനം ഉന്നയിച്ചിരിക്കുന്നത്.
Discussion about this post