ന്യൂഡൽഹി: ഡൽഹിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിൽ ജോലി ചെയ്യുന്ന പ്യൂണും മൂന്ന് കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡൽഹി മുനിസിപ്പിൽ കോർപ്പറേഷൻ നേരിട്ട് നടത്തുന്ന സ്‌കൂളിലാണ് ദാരുണസംഭവം. സ്‌കൂളിലെ പ്യൂണും 54കാരനുമായ അജയ് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് വ്യക്തമാക്കി. ഇയാളുടെ കൂട്ടാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് വിവരം.
ഉത്തർപ്രദേശിലെ ജൗൻപൂർ സ്വദേശിയായ അജയ് കഴിഞ്ഞ 10 വർഷമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ സ്‌കൂളിൽ പ്യൂണായി ജോലി ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ മാസം 14നാണ് കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. സംഭവത്തിന് പിന്നാലെ കുട്ടി സ്‌കൂളിൽ പോകുന്നത് അവസാനിപ്പിച്ചു. പരീക്ഷ എഴുതുന്നതിന് വേണ്ടിയും കുട്ടി സ്‌കൂളിൽ എത്തിയില്ല. വിദ്യാർത്ഥിനി പരീക്ഷ എഴുതാൻ എത്താതിരുന്നതിനെ കുറിച്ച് അദ്ധ്യാപിക വീട്ടിൽ വിളിച്ച് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കുട്ടിക്ക് ലഹരിവസ്തുക്കൾ നൽകി സ്‌കൂളിന് പുറത്തെത്തിച്ച ശേഷം പ്രതികൾ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ലാൽ ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധന നടത്തി. സ്‌കൂൾ അറ്റൻഡറായ അജയ് കുമാറിനെ സസ്‌പെൻഡ് ചെയ്തതായി എംസിഡി അധികൃതർ വ്യക്തമാക്കി. പോക്‌സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷനും സിറ്റി പോലീസിനും എംസിഡിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
Discussion about this post