തിരുവനന്തപുരം: വിമാനത്തിനുള്ളിൽവച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് സഹയാത്രികർ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതേസമയം പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പോലീസ് വെറുതെവിട്ടു.
പത്തനംതിട്ട സ്വദേശിയായ യുവതിയ്ക്ക് നേരെയായിരുന്നു അതിക്രമം ഉണ്ടായത്. വ്യാഴാഴ്ച മസ്‌ക്കറ്റിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. യുവതി ഇക്കാര്യം ഭർത്താവിനോട് പറഞ്ഞു. ഭർത്താവ് ഇക്കാര്യം ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവം മറ്റ് യാത്രികരും അറിഞ്ഞത്. തുടർന്ന് പ്രതിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ എയർലൈൻസ് അധികൃതർ വിവരം എയർപോർട്ട് മാനേജരോട് പറഞ്ഞു. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ എത്തിയ പോലീസ് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എന്നാൽ സ്‌റ്റേഷനിൽ എത്തിയ യുവതി തനിക്ക് പരാതിയില്ലെന്നും വിഷയം സംസാരിച്ച് പരിഹരിച്ചെന്നും പോലീസിനെ അറിയിച്ചു. ഇതേ തുടർന്ന് യുവാവിനെ പോലീസ് പോകാന്# അനുവദിക്കുകയായിരുന്നു.
Discussion about this post