ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാഷ്ട്രീയമല്ല, മറിച്ച് നീതിന്യായവ്യവസ്ഥയുടെ തീരുമാനമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാജ്യത്ത് റാലികൾ നടത്താനും, ഭാരത് ജോഡോ യാത്ര നടത്താനും, ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനോ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷേ ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിക്കാൻ നിങ്ങൾക്ക് അധികാരമില്ല.
കോൺഗ്രസിലെ ഒബിസി നേതാക്കൾ പോലും ഇതിനെ എതിർത്തിരുന്നു. കോടതിയുടെ തീരുമാനത്തിൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ ഉന്നത കോടതിയെ സമീപിക്കാവുന്നതാണ്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുന്ന എംപിമാരെ അയോഗ്യരാക്കുന്നതിനെതിരെയുള്ള ഓർഡിനൻസ് അന്ന് രാഹുൽ തന്നെയാണ് വലിച്ചുകീറിയത്. അദ്ദേഹത്തിന്റെ കർമ്മത്തിന്റെ ഫലമാണിത്. ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
ഒരു സമുദായത്തൈ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയതിന് ശേഷവും രാഹുൽ ഗാന്ധിക്ക് മാപ്പ് പറയാൻ സാധിക്കുമായിരുന്നു. നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ അഞ്ച് വർഷമായി രാഹുൽ ക്ഷമ ചോദിക്കാൻ തയ്യാറായിട്ടില്ല. പരാമർശം പിൻവലിച്ചിട്ടുമില്ല. ഇതിലൂടെ പരാമർശം മനപ്പൂർവ്വമാണെന്ന് ഒരിക്കൽ കൂടി രാഹുൽ തെളിയിക്കുകയാണ്.
രാഹുൽ മാപ്പ് പറഞ്ഞിരുന്നെങ്കിൽ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന് തോന്നില്ല, മറിച്ച് മുഴുവൻ ഒബിസി സമുദായത്തോടും മാപ്പ് പറയുന്നതായി മാത്രമേ വ്യക്തമാകൂ. ഒരു വ്യക്തിയുടെ അഹങ്കാരത്തിനും സമൂഹത്തിന്റെ അഭിമാനത്തിനും അന്തസ്സിനും ഇടയിൽ കോടതിക്ക് വ്യക്തമായ നിലപാട് എടുക്കേണ്ടി വരുമെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
Discussion about this post