മലപ്പുറം : സംസ്ഥാന സ്‌കൂൾ പരീക്ഷയിലെ നാലാം ക്ലാസുകാരുടെ മലയാള ചോദ്യപേപ്പറാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയാണ് ഇതിന്റെ പ്രധാന കാരണം. മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യമാണ് ചോദ്യപ്പേപ്പറിൽ ഉണ്ടായിരുന്നത്. എന്നാൽ ചില ഫുട്‌ബോൾ ആരാധകർക്ക് ഈ ചോദ്യം അത്ര ഇഷ്ടപ്പെട്ടില്ല. ഇതോടെ ”മെസിയെക്കുറിച്ച് ഞാൻ എഴുതൂല, ഞാൻ നെയ്മർ ഫാനാണ്” എന്നെഴുതിവെച്ചിരിക്കുകയാണ് ഒരു കുഞ്ഞ് ആരാധിക.
തിരൂർ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎൽപി സ്‌കൂളിലെ കൊച്ചു ബ്രസീൽ ആരാധിക റിസ ഫാത്തിമയുടെ ഉത്തരക്കടലാസിലാണിത്. ”ഞാൻ എഴുതൂല. ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല” എന്നാണ് കുട്ടി എഴുതിവെച്ചിരിക്കുന്നത്. ഈ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
എന്നാൽ മെസിയെ മാത്രം ചോദ്യക്കടലാസിൽ കണ്ടതിൽ റിസയ്ക്ക് മാത്രമല്ല സങ്കടം വന്നത്. ചോദ്യപേപ്പറിൽ നെയ്മറും റൊണാൾഡോയും എവിടെയെന്ന് ചില കുട്ടി ആരാധകർ ചോദിച്ചുവെന്ന് അദ്ധ്യാപകർ തന്നെ പറയുന്നുണ്ട്.












