ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ ധാമ്പ റിമ്പോച്ചെയായി ദലൈലാമ അവരോധിച്ചത്. ചൈനയിൽ നിന്നും അകന്ന് ദലൈലാമ ഇപ്പോൾ വസിക്കുന്ന ഹിമാചൽ പ്രദേശിലെ ധർമശാലയിൽ വെച്ചായിരുന്നു സ്ഥാനാരോഹണം.
മാർച്ച് 8ന് നടന്ന ചടങ്ങിൽ റിമ്പോച്ചെയായി തിരഞ്ഞെടുക്കപ്പെട്ട കുട്ടിക്കൊപ്പം ദലൈലാമ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുതിയ റിമ്പോച്ചെയുടെ പിതാവ് സർവകലാശാല അദ്ധ്യാപകനും മുത്തച്ഛൻ മുൻ മംഗോളിയൻ എം പിയുമാണ് എന്നാണ് റിപ്പോർട്ട്. റിമ്പോച്ചെക്ക് ഒരു ഇരട്ട സഹോദരൻ കൂടിയുണ്ടെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുക്കാനുള്ള അധികാരം തങ്ങൾക്കാണ് എന്നാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അവകാശവാദം. 1995-ല്‍ ദലൈലാമ തിരഞ്ഞെടുത്ത 11-ാമത് പഞ്ചേം ലാമയേയും കുടുംബത്തേയും ചൈന തട്ടിക്കൊണ്ട് പോയിരുന്നു. ടിബറ്റന്‍ ബുദ്ധമതത്തിന്റെ രണ്ടാമത്തെ ഉന്നത ആത്മീയഗുരുവായ പഞ്ചേം ലാമയായി ചൈന മറ്റൊരാളെ അവരോധിക്കുകയും ചെയ്തിരുന്നു. ചൈന തട്ടിക്കൊണ്ട് പോയ യഥാർത്ഥ ലാമയെ കുറിച്ച് ഇതുവരെയും യാതൊരു വിവരങ്ങളുമില്ല.
ചൈനയുടെ മതവിരുദ്ധതയും പീഡനങ്ങളും സഹിക്കാനാവാതെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമയും സംഘവും ദശാബ്ദങ്ങളായി ധർമശാലയിലാണ് താമസം.
Discussion about this post