ന്യൂഡൽഹി: വീര സവർക്കർക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ അപകീർത്തി പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ.സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ രഞ്ജിത് സവർക്കർ വെല്ലുവിളിച്ചു. രാഹുൽ ഗാന്ധി ചെയ്യുന്നത് ബാലിശമാണെന്നും അദ്ദേഹം വിമർശിച്ചു.
‘സവർക്കർ അല്ലാത്തതിനാൽ മാപ്പ് പറയില്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. സവർക്കർ മാപ്പ് പറഞ്ഞുവെന്ന് കാണിക്കുന്ന രേഖകൾ കാണിക്കാൻ ഞാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയാണ്. രണ്ട് തവണ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞയാളാണ് രാഹുൽ. രാഷ്ട്രീയം പ്രചരിപ്പിക്കാൻ ദേശസ്നേഹികളുടെ പേരുകൾ ഉപയോഗിക്കുന്നത് അപലപനീയമായ കാര്യമാണ്. രാഹുൽ ചെയ്യുന്നതെല്ലാം ബാലിശമായ കാര്യങ്ങളാണ്” രഞ്ജിത് സവർക്കർ പറഞ്ഞു.
ലോക്സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ വീര സവർക്കറെ അധിക്ഷേപിച്ച് സംസാരിച്ചത്. മാപ്പ് പറയാൻ തന്റെ പേര് സവർക്കർ എന്നല്ലെന്നും, ഗാന്ധി എന്നാണെന്നും, ഗാന്ധി ആരോടും മാപ്പ് ചോദിക്കില്ലെന്നുമാണ് രാഹുൽ പറഞ്ഞത്. ഇതാദ്യമായല്ല രാഹുൽ വീര സവർക്കറെ അധിക്ഷേപിച്ച് സംസാരിക്കുന്നത്. ആൻഡമാൻ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സവർക്കർ ദയാഹർജികൾ എഴുതിയിട്ടുണ്ടെന്നും, ബ്രിട്ടീഷുകാരിൽ നിന്ന് പെൻഷൻ സ്വീകരിച്ചിട്ടുണ്ടെന്നും ഭാരത് ജോഡോ യാത്രയിൽ രാഹുൽ അവകാശപ്പെട്ടിരുന്നു.
Discussion about this post