ലക്‌നൗ: അടുത്തിടെയായി ഉത്തർപ്രദേശിൽ നിന്നും ഉയർന്ന് കേൾക്കുന്ന ഒരോയൊരു കുറ്റവാളിയുടെ പേരാണ് അതീഖ് അഹമ്മദ്. രാഷ്ട്രീയക്കാരനും അതേസമയം കൊടും ക്രിമിനലുമായ ഇയാൾ ഇന്നോളം ചെയ്ത ക്രൂര കുറ്റകൃത്യങ്ങൾക്ക് തിരിച്ചടികൾ നേരിടുന്നത് ഇപ്പോഴാണ്. നിരവധി പേരുടെ ചോരയും കണ്ണീരും വീഴ്ത്തി അതീഖ് അഹമ്മദ് കെട്ടിപ്പടുത്ത സാമാജ്ര്യം ഓരോന്നായി യോഗി സർക്കാർ തകർക്കുകയാണ്. ഇതിന്റ അടിത്തറ ഇളകാൻ ഇനി അധിക കാലമില്ല.
17ാം വയസ്സിൽ ചെയ്ത ഒരു കൊലപാതകത്തിൽ നിന്നായിരുന്നു അതീഖ് അഹമ്മദ് യുപിയെ വിറപ്പിച്ച കൊടും കുറ്റവാളിയായി മാറിയത്. തനിക്കൊപ്പം ഒരു വലിയ ഗുണ്ടാ സംഘത്തെക്കൂടി വളർത്തിയെടുക്കാൻ ഇയാൾക്കായി. രാഷ്ട്രീയം ഇതിനെല്ലാമുള്ള വളമായി.
1962 ൽ പ്രയാഗ്‌രാജിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലായിരുന്നു അതീഖ് അഹമ്മദ് ജനിച്ചത്. ദാരിദ്ര്യത്തെ തുടർന്ന് പഠനം വളരെ ചെറുപ്പത്തിലേ അവസാനിപ്പിച്ചു. കുറ്റവാസന അതീഖ് അഹമ്മദിന്റെ കൂടപ്പിറപ്പായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടുന്ന തീവണ്ടികളിൽ നിന്നും കൽക്കരി മോഷ്ടിച്ച് അത് മറിച്ചുവിറ്റായിരുന്നു കുട്ടി അതീഖ് തന്റെ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത്. ബുദ്ധി ഉറച്ചപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആക്രി പെറുക്കി വിറ്റ് ഉപജീവനം ആരംഭിച്ചു.
ഇതിനിടെയാണ് 17ാം വയസ്സിൽ ഇയാൾ ഒരു കൊലപാതകി ആകുന്നത്. ഇതായിരുന്നു പിന്നീടുള്ള കൊലപാതകങ്ങൾക്ക് പ്രചോദനം ആയത്. കയ്യൂക്കിലൂടെ പതിയെ അലഹബാദിന്റെ അവസാന വാക്കായി അതീഖ് അഹമ്മദ് മാറുകയായിരുന്നു. 1989 ലാണ് അതീഖ് അഹമ്മദ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. പ്രധാന എതിരാളിയായ ഷൗക്കത്ത് ഇലാഹി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതോടെ അതീഖിന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. അതേസമയത്താണ് അലഹബാദിൽ നിന്ന് മത്സരിച്ച് അതീഖ് അഹമ്മദ് വിജയിച്ചതും. പിന്നീടുള്ള മൂന്ന് തവണയും ഇതേ വിജയം ആവർത്തിച്ചു. ഇതിന് ശേഷമാണ് അന്നോളം സ്വതന്ത്രനായി മത്സരിച്ച അതീഖ് അഹമ്മദ് സമാജ്‌വാദിയിൽ ചേർന്നതും. ഇത് കുറ്റ കൃത്യങ്ങൾ നടത്താനുള്ള അതീഖ് അഹമ്മദിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
2005 ൽ തിരഞ്ഞെടുപ്പിൽ സ്വന്തം സഹോദരനെ വിജയിപ്പിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി രാജു പാലിനെ കൊലപ്പെടുത്തി. ഇതിൽ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. ഇതിനിടെ ഇയാളുടെ അനുയായികൾ മദ്രസ വിദ്യാർത്ഥികളെ പീഡിപ്പിക്കുകയും സംഭവം വലിയ വിവാദമാകുകയും ചെയ്തു. ഇതോടെ ഇയാളെ സമാജ്‌വാദി പാർട്ടി പുറത്താക്കുകയായിരുന്നു. എന്നാൽ പിന്നീട് പഴയ ഊർജ്ജം വീണ്ടെടുത്ത അതീഖ് അഹമ്മദിന് ക്ഷീണം ഉണ്ടാക്കിയത് യോഗി സർക്കാരായിരുന്നു.
കുറ്റവാളികളെ ഇല്ലാതാക്കി സംസ്ഥാനത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാനം. ഇത് നിറവേറ്റാൻ ആദ്യം വലവിരിച്ചത് അതീഖ് അഹമ്മദിന് വേണ്ടിയായിരുന്നു. വിവിധ കേസുകളിൽ അതീഖ് അഹമ്മദിന്റെ അനുയായികളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഏറ്റുമുട്ടലിൽ വധിച്ചു. അതീഖ് അഹമ്മദിനെ പിടികൂടി ജയിലിൽ അടയ്ക്കാനും സർക്കാരിന് കഴിഞ്ഞു.
2018 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പുതിയ രാഷ്ട്രീയ- സാമൂഹിക അന്തരീക്ഷത്തിൽ അതീഖിന് ഇത് ഏറെ പ്രയാസകരമായി. സ്വാധീനംവച്ച് പല തവണ ജയിൽമാറ്റത്തിന് ശ്രമിച്ചെങ്കിലും ഇതും നടന്നില്ല. മാത്രമല്ല ചുറ്റുമുണ്ടായിരുന്ന സഹായികളെല്ലാം ഒരോ കേസുകളിൽ ജയിലിൽ ആകുകയും ചെയ്തു.
യോഗിയുടെ ഭരണത്തിൽ ജയിലിൽ തന്നെ തുടരാനാണ് അതീഖ് അഹമ്മദിന് യോഗം. ഇയാളുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണകൾ തുടരുകയാണ്. രാജു പാലിന്റെ കൊലകേസിലെ ദൃക്‌സാക്ഷിയായ ഉമേഷ് പാലിനെ തട്ടിക്കൊണ്ട് പോയ കേസിൽ അതീഖ് അഹമ്മദിനെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇനിയുള്ള കേസുകളിലെ വിചാരണ കൂടി പൂർത്തിയാകുന്നതോടെ അതീഖ് അഹമ്മദിന് ഇനി പുറം ലോകം കാണാൻ കഴിയില്ലെന്നകാര്യം വ്യക്തമാണ്.
Discussion about this post