ആഗോള ശീതളപാനീയ ഭീമനായ പെപ്സി പുതിയ ലോഗോ ഡിസൈൻ പുറത്തുവിട്ടു. പതിനാല് വർഷത്തിനിടെ ഇതാദ്യമായാണ് പെപ്സി ലോഗോ പരിഷ്കരിക്കുന്നത്. 1987-1997 കാലഘട്ടത്തിലെ പെപ്സി ലോഗോയുമായി ഏറെ സാദൃശ്യവുമായി ഒരു നൊസ്റ്റാൾജിയ ഫീൽ ഉണർത്താനുള്ള ശ്രമമാണ് പുതിയ ലോഗോയിലൂടെ കമ്പനി നടത്തിയിരിക്കുന്നത്. വടക്കേ അമേരിക്കൻ വിപണികളിൽ 2023 സെപ്റ്റംബറിൽ കമ്പനിയുടെ 125ാം വാർഷികത്തിലും ലോകത്തിലെ ബാക്കിയുള്ള വിപണികളിൽ 2024ലും പുതിയ ലോഗോ ഡിസൈൻ അവതരിപ്പിക്കും.
പാക്കേജിംഗ്, ഫൗണ്ടെയ്ൻ ആൻഡ് കൂളിംഗ് ഉപകരണങ്ങൾ, ഫാഷൻ, ഡൈനിംഗ് ഉൾപ്പടെ പെപ്സി ബ്രാൻഡിന്റെ എല്ലാ ഡിജിറ്റൽ, ഫിസിക്കൽ ആസ്തികളിലും പുതിയ ലോഗോ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. പോപ് സംസ്കാരത്തിന്റെയും ജനജീവിതത്തിന്റെയും ഭാഗമായി തുടരാൻ 125 വർഷത്തിനിടെ നിരന്തരമായ പരിഷ്കാരങ്ങളിലൂടെ പുതുമ അവതരിപ്പിച്ച ബ്രാൻഡുകൾക്ക് മികച്ച ഉദാഹരണമാണ് പെപ്സിയെന്ന് പെപ്സികോ ചീഫ് ഡിസൈൻ ഓഫീസർ മൗറോ പോർസിനി അറിയിച്ചു. ബ്രാൻഡിന്റെ പാരമ്പര്യം ഭാവി തലമുറയുമായി കണക്ട് ചെയ്യുക എന്നതാണ് പുതിയ ലോഗോയിലെ പഴമ ഫീലിന് പിന്നിലെന്നും കമ്പനി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Discussion about this post