ഇൻഡോർ: രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്ന് 25ഓളം പേർ കിണറിനുള്ളിൽ വീണു. ഇൻഡോറിലെ പട്ടേൽ നഗറിൽ രാമനവമി ആഘോഷത്തിനിടെയാണ് സംഭവം. ശ്രീബേലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നാണ് ആളുകൾ കിണറിനുള്ളിലേക്ക് വീണത്. വലിയ വിസ്താരമുള്ള ചുറ്റും പടികളുള്ള തരം കിണറാണിത്. കിണറിൽ വീണവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.
ക്ഷേത്രപൂജ നടക്കുന്നതിനിടെ മേൽക്കൂരയിൽ ആളുകൾ വലിയ തോതിൽ കയറി ഇരുന്നതിന് പിന്നാലെയാണ് അപകടം ഉണ്ടാകുന്നത്. കിണറ്റിൽ നിന്ന് ആളുകളെ കയറുപയോഗിച്ച് പുറത്തെടുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കിണറിന്റെ പടിക്കെട്ടുകളിൽ ആളുകൾ സ്വയരക്ഷയ്ക്കായി കയറി നിൽക്കുന്നതിന്റെ വീഡിയോകളും പുറത്ത് വരുന്നുണ്ട്. അഞ്ചോളം പേരെയാണ് ഇതിനകം പുറത്തെത്തിച്ചത്.
സ്ലാബ് ഉപയോഗിച്ചാണ് ഈ കിണർ മൂടിയിരുന്നത്. കിണറിലെ വെള്ളത്തിൽ വീണ പലരും ചുറ്റിലേക്ക് കയറി വന്നതും രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്. പ്രദേശത്ത് ആംബൂലൻസ് ഉൾപ്പെടെയുള്ള അടിയന്തര ചികിത്സാ സൗകര്യങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഇൻഡോർ ജില്ലാ കളക്ടർ ഇളയരാജ പറഞ്ഞു.
Discussion about this post