തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ ലൈംഗികാതിക്രമം. സെക്രട്ടറിയേറ്റിന് സമീപത്തെ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. പ്രതി ശാസ്തമംഗലം സ്വദേശി സാജുമോനെ മിനിറ്റുകൾക്കുള്ളിൽ പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് സംഭവമുണ്ടായത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിന്റെ എതിർവശത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിച്ച് ഇറങ്ങിയ സ്ത്രീക്ക് നേരെയായിരുന്നു അതിക്രമം.
ഒരു പ്രകോപനവും ഇല്ലാതെ സാജു സ്ത്രീക്ക് നേരെ കടന്നാക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവമുണ്ടായ ഉടനെ തന്നെ സ്ഥലത്ത് നിന്ന് 100 മീറ്റർ മാത്രം അകലെയുള്ള കന്റോൺമെന്റ് സ്‌റ്റേഷനിൽ സ്ത്രീ പരാതി നൽകുകയും, ഉടൻ എസ് ഐ അടങ്ങുന്ന സംഘം ഹോട്ടലിലെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതിൽ സാജുമോൻ ഈ സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിക്കുന്നത് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും, സ്ത്രീയെ കടന്നാക്രമിച്ചതിനും കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. സാജുമോൻ സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ഇന്നലെ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.











