തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി കേസിൽ പ്രതികരണവുമായി പരാതിക്കാരനായ ആർഎസ് ശശികുമാർ.സർക്കാരിനെതിരായ വിധിപ്രസ്താവം വന്നിട്ടുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും എന്നാൽ സമയബന്ധിതമായി കേസ് പരിഗണിക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കും എന്നും ശശികുമാർ പറഞ്ഞു. ലാവ്ലിൻ കേസ് പോലെ വലിച്ച് നീട്ടാൻ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ പാടില്ല. തനിക്ക് നീതി കിട്ടണം. ജഡ്ജിമാരെ സമ്മർദ്ദത്തിലാക്കുന്ന നടപടി ചില രാഷ്ട്രീയക്കാർ സ്വീകരിക്കുന്നുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്ന് ലോകായുക്തയ്ക്കു മേൽ സമ്മർദ്ദം ഉണ്ടായി. നിയമ പോരാട്ടം തുടരും. ലോകായുക്തയുടെ പ്രവർത്തനത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായിരിക്കുന്നുവെന്നും വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ ജസ്റ്റിസ്സുമാരായ സിറിയക് ജോസഫിനും ഹാറൂൺ റഷീദിനും ഭിന്ന അഭിപ്രായമുള്ള സാഹചര്യത്തിലാണ് അന്തിമ വിധി ഫുൾ ബെഞ്ചിന് വിടാൻ തീരുമാനമായത്. ഇതോടെ കേസിൽ വിധി നീളും.












