ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശി അഞ്ജനി റായിയാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയാണ് അപസ്മാര ലക്ഷണങ്ങളോടെ സരൺ എന്ന അതിഥി തൊഴിലാളിയെ ഒപ്പം ജോലി ചെയ്യുന്ന ആറ് പേരുടെ സംഘം ആശുപത്രിയിൽ എത്തിച്ചത്.
ഈ സമയം അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.നീരജ അനു ജെയിംസ് രോഗിക്ക് ചികിത്സ നൽകി. ഇയാൾക്ക് ബോധം തെളിഞ്ഞപ്പോൾ തുടർചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു.
ഇതോടെ രോഗിയുടെ കൂടെ എത്തിയവർ ഡോക്ടറുമായി തർക്കിക്കുകയായിരുന്നു. ഇതിനിടെയാണ് അഞ്ജനി റായി ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാർക്കും മർദ്ദനമേറ്റു. ഡോക്ടറുടെ പരാതിയിൽ ചെങ്ങന്നൂർ പോലീസ് ആശുപത്രിയിലെത്തി അഞ്ജനി റായിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post