ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ എത്തുന്ന സ്ത്രീകളെ യാതൊരു ദയയുമില്ലാതെ അറസ്റ്റ് ചെയ്യണമെന്ന് ഇറാൻ ജുഡീഷറി മേധാവി. ഹിജാബില്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നത് നമ്മുടെ മൂല്യങ്ങളോടുള്ള ശത്രുതയ്ക്ക് തുല്യമാണ്’,
ഇത്തരം അസ്വാഭാവിക പ്രവൃത്തികൾ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുകയും ദയയില്ലാതെ വിചാരണ ചെയ്യപ്പെടുകയും ചെയ്യുമെന്ന് ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മുഹ്‌സിനി ഇജീ മുന്നറിയിപ്പ് നൽകി.
വ്യക്തമായ കുറ്റകൃത്യങ്ങളും മതനിയമത്തിന് വിരുദ്ധവും പൊതുസ്ഥലത്ത് സംഭവിക്കുന്നതുമായ ഏതെങ്കിലും തരത്തിലുള്ള അസാധാരണ സംഭവങ്ങളെ ജുഡീഷ്യൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ നിയമപാലകർ ബാധ്യസ്ഥരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെന്ന രാഷ്ട്രത്തിന്റെ നാഗരികമായ അടയാളങ്ങളിലൊന്നാണ് ഹിജാബ്. ഇറാന്റെ പ്രായോഗിക തത്വങ്ങളിലൊന്നാണതെന്നും അതിനാൽ ഹിജാബിന്റെ കാര്യത്തിൽ വിട്ടു വീഴ്ചക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.












