ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് എരമല്ലൂരിലുള്ള തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കാലപ്പഴക്കം കൊണ്ടും ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. മറ്റ് ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാലകനായ ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഏകദേശം 5000 വർഷത്തിന്റെ പഴക്കവുമാണ് തോട്ടപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനുള്ളത്. ആരാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന കാര്യത്തിൽ വ്യക്തമായ രേഖകളില്ല.
എന്നാൽ ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് പ്രചരിക്കുന്ന ഒരു കഥയുണ്ട്. കായൽ കടന്ന് ഒരു ബ്രാഹ്മണശ്രേഷ്ഠൻ ഈ നാട്ടിലേക്ക് വരികയുണ്ടായി. മാർഗ്ഗമധ്യേയുള്ള തോട് കടക്കുന്നതിനിടയിൽ അദ്ദേഹത്തിന് അവിടെ ഒരു ദേവ ചൈതന്യം അനുഭവപ്പെട്ടു. ബാലകനായ ശ്രീകൃഷ്ണന്റെ ചൈതന്യമാണ് അദ്ദേഹത്തിന് തോന്നിയത്. പ്രസ്തുത സ്ഥലത്ത് ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തണം എന്ന് ആരോ അദ്ദേഹത്തോട് പറയുന്നത് പോലെ തോന്നുകയും അദ്ദേഹം അതനുസരിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത് . തോട് നിലനിന്നിരുന്നിടത്തുണ്ടായ ക്ഷേത്രം എന്ന നിലയ്ക്കാണ് തോട്ടപ്പള്ളി എന്ന പേര് വന്നത് എന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിലെ വഴിപാടുകൾ എല്ലാം തന്നെ കുട്ടികൾക്കായുള്ളതാണ്.ബാലസ്നാനം ആണ് പ്രധാന ചടങ്ങ് . ബാലസ്നാനം കഴിഞ്ഞാൽ ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് കിങ്ങിണി സമർപ്പണം. കൃഷ്ണന് ‘അമ്മ യശോദാ അരയിൽ കിങ്ങിണി ചാർത്തിക്കൊടുത്തിരുന്നതിന്റെ ഓർമയിലാണ് കിങ്ങിണി സമർപ്പണം.
മിടുക്കും ആരോഗ്യവും ചേർന്ന മക്കൾ ജനിക്കുന്നതിനും അവർ ആരോഗ്യത്തോടെ വളരുന്നതിനുമായാണ് നടക്കൽ കിങ്ങിണി സമർപ്പിക്കുന്നത്. മുതിർന്നവർ അഭീഷ്ട ഫലസിദ്ധിക്ക് വേണ്ടിയും കിങ്ങിണി സമർപ്പണം നടത്തുന്നുണ്ട്.കിങ്ങിണി സമർപ്പണത്തോടൊപ്പം തന്നെ തൃക്കൈവെണ്ണ സമർപ്പണവും ചെയ്യുന്നു. ഒരു കയ്യിൽ വെണ്ണയുമായി നിൽക്കുന്ന കൃഷ്ണ വിഗ്രഹമാണ്. അതിനാൽ തൃക്കൈവെണ്ണ സമർപ്പണം ഇവിടുത്തെ പ്രധാന വഴിപാടാണ്. ഉപ്പ് ചേർക്കാത്ത ശുദ്ധമായ വെണ്ണ വിഗ്രഹത്തിന്റെ കയ്യിൽ നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.
Discussion about this post