ലഖ്‌നൗ : അയോധ്യ രാമക്ഷേത്രത്തിന്റെ ഔദ്യോഗിക പതാക ആദ്യമായി ഉയർത്തുന്ന ധ്വജാരോഹണ ചടങ്ങ് നാളെ നടക്കും. രാമക്ഷേത്രത്തിന്റെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതിന്റെ വിളംബരം കൂടിയാണ് ധ്വജാരോഹണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ വിശിഷ്ടാതിഥി. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി 5000 സ്ത്രീകൾ അണിനിരക്കുന്ന പ്രത്യേക സംഘമാണ് തയ്യാറെടുത്തിരിക്കുന്നത്. രാം മന്ദിറിന്റെ പരിശുദ്ധ ധ്വജാരോഹണ ചടങ്ങിൽ ആയിരത്തിലേറെ സന്യാസിമാരും പങ്കെടുക്കും.
രാമക്ഷേത്രത്തിൽ ഉയർത്തേണ്ട പതാകയുടെ ആചാരപരമായ മഹാപൂജ ഞായറാഴ്ച നടന്നു. ധ്വജാരോഹണ ചടങ്ങിനായി 100 ടൺ പൂക്കൾ എത്തിച്ചാണ് അയോധ്യ രാമക്ഷേത്രവും പരിസരവും അലങ്കരിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ധ്വജ പൂജയിൽ അന്തസ്സിന്റെയും സംസ്കാരത്തിന്റെയും ശാശ്വത പാരമ്പര്യത്തിന്റെയും പ്രതീകമായ പതാക പൂർണ്ണ വേദ ആചാരങ്ങളോടെ യാഗപീഠത്തിൽ സ്ഥാപിച്ചു. വിഷ്ണു സഹസ്രനാമത്തിന്റെയും ഗണേശ അഥർവ്വശീർഷത്തിന്റെയും മന്ത്രങ്ങളോടെ പൂജകൾ അർപ്പിച്ചിരുന്ന ഒരു വീശിഷ്ട യജ്ഞ കുണ്ഡമായിരുന്നു ധ്വജ പൂജയ്ക്കായി തയ്യാറാക്കിയിരുന്നത്.
നവംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രത്തിന്റെ മുകളിൽ ഈ പരിശുദ്ധ കാവി പതാക ഉയർത്തി ധ്വജാരോഹണ ചടങ്ങ് പൂർത്തീകരിക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി വിമാനത്താവളത്തിൽ നിന്ന് സാകേത് കോളേജിലേക്ക് ഹെലികോപ്റ്ററിൽ മോദി എത്തും. സാകേത് കോളേജിൽ നിന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലേക്ക് ഒരു ഗംഭീര റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. റോഡ് ഷോ നടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള രാംപഥ് എട്ട് സോണുകളായി തിരിച്ചിട്ടുണ്ട്. ഓരോ സോണിലും, സ്വയം സഹായ ഗ്രൂപ്പുകളിലെ സ്ത്രീകൾ പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി അണിനിരക്കും. 5000ത്തിലേറെ സ്ത്രീകളാണ് പ്രധാനമന്ത്രി മോദിയെ വരവേൽക്കുന്നതിനായി അണിനിരക്കുക. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് നിലവിൽ അയോധ്യ.










Discussion about this post