കാബൂൾ : റംസാൻ മാസത്തിൽ പാട്ടുവച്ചതിന് റേഡിയോ സ്‌റ്റേഷൻ അടച്ചുപൂട്ടി താലിബാൻ. സ്ത്രീകൾ നടത്തുന്ന ഏക റേഡിയോ സ്‌റ്റേഷനാണ് പൂട്ടിയത്. വടക്കുകിഴക്കൻ അഫ്ഗാനിലെ ബദാക്ഷാൻ പ്രവിശ്യയിലെ ഫൈസബാദിൽ സ്ഥിതി ചെയ്യുന്ന സദാ ഇ ബനോവൻ(ദാരി പേർഷ്യൻ ഭാഷിൽ സ്ത്രീകളുടെ ശബ്ദം) റേഡിയോ സ്‌റ്റേഷനായിരുന്നു ഇത്.
റംസാൻ മാസത്തിൽ റേഡിയോ സ്റ്റേഷൻ നിയമവിരുദ്ധമായി സംഗീതം സംപ്രേക്ഷണം ചെയ്യുന്നതായി ഭാരവാഹികൾ ആരോപിച്ചു. റംസാനിൽ പാട്ടുകളും സംഗീതവും സംപ്രേക്ഷണം ചെയ്തുകൊണ്ട് സ്റ്റേഷൻ ”ഇസ്ലാമിക് എമിറേറ്റിന്റെ നിയമങ്ങളും ചട്ടങ്ങളും” നിരവധി തവണ ലംഘിച്ചുവെന്നും ഇതിനെ തുടർന്നാണ് അടച്ചുപൂട്ടിയത് എന്നും ബദാക്ഷാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡയറക്ടർ മൊയ്‌സുദ്ദീൻ അഹമ്മദി പറഞ്ഞു. ഇനി ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയാൽ റേഡിയോ സ്‌റ്റേഷൻ വീണ്ടും തുറക്കാമെന്നും അഹമ്മദി കൂട്ടിച്ചേർത്തു.
എന്നാൽ ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് റേഡിയോ സ്‌റ്റേഷൻ വ്യക്തമാക്കുന്നത്.
2014ൽ സ്ഥാപിതമായ റേഡിയോ സദാ ഇ ബനോവൻ അഫ്ഗാനിലെ വനിതാ പത്രപ്രവർത്തക നജ്ല ഷിർസാദിന്റെ ഉടമസ്ഥതയിലുള്ളതാണ്. രാജ്യത്ത് താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷം റേഡിയോ സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചിരുന്നു. റേഡിയോ സ്റ്റേഷനിൽ എട്ട് ജീവനക്കാരുണ്ട്, അതിൽ ആറും സ്ത്രീകളാണ്.












